KeralaNEWS

പ്രതിഭയുടെ മകന്‍ കഞ്ചാവ് ഉപയോഗിച്ചതിന് സാക്ഷികളില്ല; എക്‌സൈസിന് വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ: യു.പ്രതിഭ എംഎല്‍എയുടെ മകന്‍ കഞ്ചാവ് ഉപയോഗിച്ചെന്ന കേസിന്റെ അന്വേഷണത്തില്‍ എക്സൈസിനു വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. മകനെതിരെ എക്‌സൈസ് വ്യാജ കേസെടുത്തെന്ന യു.പ്രതിഭയുടെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രതിഭയുടെ മകന്‍ കനിവ് കഞ്ചാവ് ഉപയോഗിച്ചെന്നതിനെ പിന്തുണയ്ക്കുന്ന സാക്ഷിമൊഴികളില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അതേസമയം, കനിവ് ഉള്‍പ്പെടെയുള്ളവര്‍ മുന്‍പു കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരോടു സമ്മതിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കു ഹാജരാക്കാതെയാണു മകനും സുഹൃത്തുക്കള്‍ക്കുമെതിരെ എക്‌സൈസ് കേസെടുത്തതെന്ന യു.പ്രതിഭയുടെ ആരോപണവും റിപ്പോര്‍ട്ട് ശരിവയ്ക്കുന്നു.

Signature-ad

ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എസ്.അശോക് കുമാര്‍ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ ബി.രാധാകൃഷ്ണനാണു സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കുട്ടനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടും റേഞ്ച് ഇന്‍സ്‌പെക്ടറോടും തിരുവനന്തപുരത്തു ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ ആസ്ഥാനത്തെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഡിസംബര്‍ 28ന് ഉച്ചയോടെ തകഴി പുലിമുഖം ജെട്ടിക്കു സമീപത്തുനിന്ന് കനിവ് ഉള്‍പ്പെടെ 9 പേരെയാണു കഞ്ചാവുമായി കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയതും പിന്നീടു സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതും. 3 ഗ്രാം കഞ്ചാവ്, കഞ്ചാവ് കലര്‍ന്ന പുകയില മിശ്രിതം, പള്ളഭാഗത്തു ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയാണ് സംഘത്തില്‍നിന്നു പിടിച്ചെടുത്തതെന്നും എഫ്‌ഐആറില്‍ പറയുന്നു.

Back to top button
error: