
കൊല്ലം: ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചയാളെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കിടപ്രം വടക്ക് ലക്ഷം വീട് സ്വദേശി അമ്പാടി (20) ആണ് പിടിയിലായത്. ചെമ്മീന്‍ കര്‍ഷകത്തൊഴിലാളിയായ സുരേഷ് (42) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ റെയില്‍വേ പാളത്തില്‍ കിടന്ന് ആത്മഹത്യാഭീഷണി മുഴക്കിയ അമ്പാടിയെ അനുനയിപ്പിച്ച് വീട്ടിലെത്തിച്ചതായിരുന്നു സുരേഷ്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
പ്രതിയുടെ വീടിന് സമീപത്ത് വച്ചാണ് സുരേഷിന് വെട്ടേറ്റത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അമ്പാടി. വെള്ളിയാഴ്ച വൈകുന്നേരം പടിഞ്ഞാറേ കല്ലട കല്ലുംമൂട്ടില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ പ്രശ്‌നങ്ങളുണ്ടാക്കിയ അമ്പാടിയെ നാട്ടുകാര്‍ ഓടിച്ചു വിട്ടിരുന്നു. തുടര്‍ന്ന് മദ്യലഹരിയില്‍ സമീപത്തെ റെയില്‍വേ പാളത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. ഇയാളെ അനുനയിപ്പിച്ച് നാട്ടുകാര്‍ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന സുരേഷ്, പ്രതിയെ വീട്ടിലെത്തിച്ചശേഷം മടങ്ങിയിരുന്നു. വീടിനുളളിലേക്ക് കയറിപ്പോയ അമ്പാടി കൊടുവാളുമായി ഇറങ്ങി വന്ന് സുരേഷിന്റെ കഴുത്തിന് വെട്ടുകയായിരുന്നു.

സംഭവമറിഞ്ഞ നാട്ടുകാര്‍ സുരേഷിനെ ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശാസ്താംകോട്ട ഡിവൈഎസ്പി, കിഴക്കേ കല്ലട എസ്എച്ച്ഒ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് എത്തി മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ സുധാകരനാണ് സുരേഷിന്റെ അച്ഛന്‍. മണിയമ്മ അമ്മയാണ്.