CrimeNEWS

മുത്തശ്ശിയുടെ രണ്ടാം ഭര്‍ത്താവില്‍നിന്ന് ലൈംഗികാതിക്രമം; 17-കാരിയുടെ സുരക്ഷയ്ക്ക് സഹായിയെ നിയോഗിച്ചു

കൊച്ചി: മുത്തശ്ശിയുടെ രണ്ടാം ഭര്‍ത്താവില്‍നിന്ന് ലൈംഗികാതിക്രമത്തിനിരയായ 17-കാരിയുടെ സുരക്ഷയ്ക്കായി സഹായിയെ നിയോഗിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ തിരുവനന്തപുരം ശിശുക്ഷേമസമിതിക്കാണ് നിര്‍ദേശം നല്‍കിയത്. മറ്റെല്ലാ പൗരന്മാരെയുംപോലെ ഈ പെണ്‍കുട്ടിയും സന്തോഷത്തോടെ ജീവിക്കുന്നെന്നും സ്‌കൂള്‍ പഠനം മുടങ്ങാതെ നടത്തുന്നെന്നും ഉറപ്പാക്കണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവില്‍ വ്യക്തമാക്കി. വിക്ടിം റൈറ്റ്‌സ് സെന്ററിന്റെ റിപ്പോര്‍ട്ടടക്കം കണക്കിലെടുത്താണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

മാതാവ് കുട്ടിയുടെ എട്ടാം വയസ്സില്‍ മരിച്ചു. ചെറുപ്പത്തിലേ ഉപേക്ഷിച്ചുപോയതിനാല്‍ പിതാവിനെ കണ്ടിട്ടേയില്ല. ചെറുപ്രായംമുതല്‍ മുത്തശ്ശിയോടൊപ്പമാണ് കഴിയുന്നത്. ആറാം ക്ലാസ്മുതല്‍ കുട്ടിയെ മുത്തശ്ശിയുടെ 60 പിന്നിട്ട രണ്ടാം ഭര്‍ത്താവ് ലൈംഗികാതിക്രമത്തിനിരയാക്കി. സഹികെട്ട പെണ്‍കുട്ടി കഴിഞ്ഞ നവംബറില്‍ വിവരം പോലീസിനോട് വെളിപ്പെടുത്തി. വിവരം പുറത്തുപറഞ്ഞാല്‍ രണ്ടുപേരെയും നഷ്ടപ്പെടുമോ എന്ന് ഭയന്നിട്ടാണ് ആരോടും ഒന്നും പറയാതിരുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. കണ്ണീരോടെമാത്രമേ ആര്‍ക്കും ഇത് വായിക്കാനാകൂ എന്ന് കോടതി അഭിപ്രായപ്പെട്ടു.

Signature-ad

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റുചെയ്ത പ്രതി, ജാമ്യഹര്‍ജി ഫയല്‍ ചെയ്തപ്പോഴാണ് വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തുന്നത്. ജാമ്യഹര്‍ജിയോടൊപ്പം മുത്തശ്ശിയുടെ സത്യവാങ്മൂലവും ഉണ്ടായിരുന്നു. കൊച്ചുമകള്‍ തെറ്റിദ്ധാരണ കാരണമാണ് പരാതിയുന്നയിച്ചതെന്നും നിലവില്‍ പരാതിയില്ലെന്നുമാണ് ഇതില്‍ വിശദീകരിച്ചത്.

ഹൈക്കോടതി വിക്ടിം റൈറ്റ്സ് സെന്റര്‍ പ്രോജക്ട് കോഡിനേറ്റര്‍ അഡ്വ. എ. പാര്‍വതി മേനോനെ നിജസ്ഥിതി അറിയാനായി നിയോഗിച്ചു. ജീവിതത്തിലെ എല്ലാ ദൗര്‍ഭാഗ്യങ്ങളില്‍നിന്നും പുറത്തുകടക്കും എന്നായിരുന്നു കുട്ടി പ്രോജക്ട് കോഡിനേറ്ററോട് പറഞ്ഞത്.

എന്നാല്‍, മുത്തശ്ശി നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ നിഷേധിച്ചില്ല. പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിനും വിധേയമാക്കി. പെണ്‍കുട്ടിക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുന്നതാണ് ഉചിതമെന്നും വിക്ടിം റൈറ്റ്സ് സെന്റര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

മുത്തശ്ശിയും കുട്ടിയും ജീവിക്കാനായി ഹര്‍ജിക്കാരനെയാണ് ആശ്രയിക്കുന്നതെന്ന് കോടതി വിലയിരുത്തി. തുടര്‍ന്ന് കര്‍ശനവ്യവസ്ഥയോടെ ഹര്‍ജിക്കാരന് ജാമ്യം അനുവദിച്ച കോടതി, പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇരകള്‍ക്കുള്ള നഷ്ടപരിഹാരവും സര്‍ക്കാര്‍ കുട്ടിക്ക് നല്‍കണം. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി പറഞ്ഞു.

Back to top button
error: