CrimeNEWS

ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ച് യൂണിയന്‍ ഓഫീസില്‍ കൊണ്ടുപോയി മര്‍ദനം; കോട്ടയത്തിനു പിന്നാലെ കഴക്കൂട്ടത്തും റാഗിങ് പരാതി

തിരുവനന്തപുരം: കാര്യവട്ടം സര്‍ക്കാര്‍ കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം. ഒന്നാംവര്‍ഷ ബയോടെക്നോളജി വിദ്യാര്‍ഥി ബിന്‍സ് ജോസ്, ബയോകെമിസ്ട്രി വിദ്യാര്‍ഥി അഭിഷേക് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഇരുവരും കഴക്കൂട്ടം പോലീസില്‍ പരാതിനല്‍കിയെങ്കിലും അഭിഷേകിന്റെ പരാതിയില്‍ മാത്രമാണ് കേസെടുത്തത്.

വിദ്യാര്‍ഥികളായ അലന്‍, ആനന്ദന്‍, വേലു, സല്‍മാന്‍, ശ്രാവണ്‍, പാര്‍ത്ഥന്‍, ഇമ്മാനുവല്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. ഇവരെ അറസ്റ്റുചെയ്തിട്ടില്ല. മര്‍ദനമേറ്റവര്‍ റാഗിങ് പീഡനം ആരോപിച്ച് കോളേജ് പ്രിന്‍സിപ്പലിനും പരാതി നല്‍കിയിട്ടുണ്ട്. റാഗിങ് നടന്നോയെന്നതു സംബന്ധിച്ച് പ്രിന്‍സിപ്പലില്‍നിന്നു വിവരം തേടുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു.

Signature-ad

മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് തങ്ങളെ മര്‍ദിച്ചതെന്ന് അഭിഷേക് പറഞ്ഞു. ചൊവ്വാഴ്ച ആഹാരം കഴിച്ച ശേഷം താനും ബിന്‍സും കൈകഴുകി നില്‍ക്കവേ, സീനിയര്‍ വിദ്യാര്‍ഥികളെത്തുകയും അവരെ ബഹുമാനമില്ലെന്നാരോപിച്ച് കാംപസില്‍ത്തന്നെയുള്ള യൂണിയന്‍ ഓഫീസില്‍ കൊണ്ടുപോയി മര്‍ദിക്കുകയുമായിരുന്നുവെന്ന് അഭിഷേക് പറയുന്നു. ബിന്‍സിനെയും പ്രതികള്‍ മര്‍ദിച്ചു. കുപ്പിവെള്ളത്തില്‍ തുപ്പിയ ശേഷം നിര്‍ബന്ധിപ്പിച്ച് ബിന്‍സിനെക്കൊണ്ട് അതു കുടിപ്പിച്ചു. കോളേജില്‍ െവച്ചിരുന്ന ബൈക്കും നശിപ്പിച്ചു- അഭിഷേക് പറയുന്നു.

പരാതി നല്‍കിയ ശേഷം ചികിത്സയ്ക്കായി പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിലെത്തിയ തന്നെയും പിതാവിനെയും അവിടെയുമെത്തി പ്രതികള്‍ ജാതിയാക്ഷേപമുള്‍പ്പെടെ നടത്തിയെന്നും അഭിഷേക് പറഞ്ഞു. അതേസമയം, പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററില്‍െവച്ച് അഭിഷേകും പിതാവും തന്നെ ആക്രമിച്ചതായി കാട്ടി അലന്‍ കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ അഭിഷേകിനെയും പിതാവ് പ്രദീപിനെയും പ്രതികളാക്കി പോലീസ് കേസെടുത്തു.

Back to top button
error: