ഭീകരവാദികൾക്കെതിരെയുള്ള നടപടികൾക്ക് പാകിസ്ഥാന്റെ മുകളിൽ രാജ്യാന്തര സമ്മർദ്ദം ഏറുമ്പോൾ ബന്ധുക്കളെ പാകിസ്താനിൽനിന്ന് പറിച്ചുനട്ട് അധോലോക നായകനും മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയുമായ ദാവൂദ് ഇബ്രാഹിം. തന്റെ മകനെയും രണ്ടു സഹോദരങ്ങളുടെ മക്കളെയും ആണ് ദാവൂദ് ഇബ്രാഹിം പാകിസ്താനിൽ നിന്ന് മാറ്റുന്നത്. നിലവിൽ കറാച്ചി കേന്ദ്രീകരിച്ചാണ് ദാവൂദ് ഇബ്രാഹിം പ്രവർത്തിക്കുന്നത്.
പാകിസ്ഥാൻ ക്രിക്കറ്റർ ജാവേദ് മിയാൻദാദിന്റെ മകനെ വിവാഹം ചെയ്ത തന്റെ മൂത്തമകൾ മഹ്റൂക്കിന് പോർച്ചുഗീസ് പാസ്പോർട്ട് ദാവൂദ് സംഘടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ദാവൂദിന്റെ ഇളയ സഹോദരൻ മുസ്താകീം കസ്കറിനെ ദാവൂദ് ദുബായിലേക്ക് മാറ്റി കഴിഞ്ഞു. ഡി കമ്പനിയുടെ ദുബായിലെ ” നിയമപരമായ ” കച്ചവടം നോക്കി നടന്നത് ഈ സഹോദരനാണ്. ഒരു വസ്ത്ര നിർമ്മാണ ശാലയുടെ മേൽനോട്ടം ആണ് കസ്കർ നടത്തുന്നത് .
ദാവൂദിന്റെ ചില ബന്ധുക്കൾ കൂടി ഇയാൾക്കൊപ്പം കൂടിയിട്ടുണ്ട്. കറാച്ചി ഡിഫൻസ് ഹൗസിംഗ് മേഖലയിൽ താമസിക്കുന്ന ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം രണ്ടാഴ്ചയായി പൊതുമധ്യത്തിൽ നിന്ന് അപ്രത്യക്ഷനാണ്. ദാവൂദിന്റെ വലംകൈ എന്നറിയപ്പെടുന്ന ചോട്ടാ ഷകീലും ഇപ്പോൾ പൊതുമധ്യത്തിൽ ഇല്ല.