CrimeNEWS

പാലാരിവട്ടത്ത് നടുറോഡില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ക്രൂരമര്‍ദനം; കമ്പിവടി കൊണ്ട് കൈ തല്ലിയൊടിച്ചു

കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ നടുറോഡില്‍ യുവാവ് കമ്പിവടികൊണ്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. കാക്കനാട് വാഴക്കാലയില്‍ താമസിക്കുന്ന എയ്ഞ്ചലിനാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തുവെച്ച് ക്രൂരമായി മര്‍ദനമേറ്റത്. പാലാരിവട്ടത്ത് താമസിക്കുന്ന ബന്ധുവിനെ കണ്ടതിന് ശേഷം തിരികെ താമസ സ്ഥലത്തേക്ക് പോകാനായി മെട്രോ സ്റ്റേഷന് സമീപത്ത് സുഹൃത്തിനെ കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. അക്രമത്തില്‍ എയ്ഞ്ചലിന്റെ കൈയ്ക്ക് പൊട്ടലുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ച രണ്ടുമണിയോടെയായിരുന്നു സംഭവം. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് കോഴിക്കോട്ടുനിന്ന് വന്ന ബന്ധു താമസിക്കുന്നുണ്ടായിരുന്നു. അവരെ കാണാനായാണ് എയ്ഞ്ചല്‍ പാലാരിവട്ടത്തേക്ക് എത്തിയത്. ശേഷം തിരികെ താമസ സ്ഥലത്തേക്ക് പോകുന്നതിനായി സുഹൃത്തിനെ വിളിച്ചതിന് ശേഷം വഴിയില്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു ആക്രമണം.

Signature-ad

കമ്പിവടിയുമായി വന്ന യുവാവ് മെട്രോ സ്റ്റേഷന് സമീപത്ത് ഇരിക്കുകയായിരുന്ന എയ്ഞ്ചലിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തീര്‍ത്തുകളയുമെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമണം. മൂന്ന് തവണയായി ക്രൂരമായി മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. പിന്നാലെ അവിടെ നിന്നിരുന്ന യൂബര്‍ വാഹനത്തിന് അടുത്തേക്ക് ഓടുകയും അവിടെ ആ സമയത്ത് ഉണ്ടായിരുന്ന മറ്റുള്ളവര്‍ ചേര്‍ന്ന് അക്രമിയെ തടയുകയുമായിരുന്നു.

രാത്രിയില്‍ വാഹനം കാത്തിരിക്കുന്ന ഒരാള്‍ക്ക് നേരെയാണ് ഇത്തരത്തില്‍ കമ്പിവടി കൊണ്ടുള്ള ആക്രമണം ഉണ്ടാകുന്നതെന്നും യാതൊരു സുരക്ഷയും ഇല്ലാതാകുന്ന സാഹചര്യമാണെന്നത് ഭയപ്പെടുത്തുകയാണെന്നും ആക്രമണത്തില്‍ പരിക്കേറ്റ എയ്ഞ്ചല്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. തനിക്ക് ഇയാളെ അറിയില്ലെന്നും സമീപത്ത് തന്നെയുണ്ടായിരുന്ന മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ യുവതിയേയും ഇയാള്‍ അക്രമിച്ചിരുന്നതായും ഇവര്‍ പറയുന്നു. സംഭവത്തില്‍ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Back to top button
error: