
കാഞ്ഞങ്ങാട്: ഡോക്ടർക്കൊപ്പം നിന്ന് ഫോടോയെടുത്ത ശേഷം ഭീഷണിപ്പെടുത്തി 45 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ ദമ്പതികൾക്കെതിരെ കാസർകോട് മേൽപറമ്പ് പൊലീസ് കേസെടുത്തു. ഹൊസ്‌ദുർഗ് കോടതി നിർദ്ദേശ പ്രകാരമാണ് കേസ് എടുത്തത്.
വിദ്യാനഗർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 57കാരനായ ഡോക്ടറുടെ പരാതിയിലാണ് മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖദീജത്ത് റിശാന (35), ഭർത്താവ് റഹ്മതുല്ല (41) എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്. 2023 ഓഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം തുടങ്ങിയത്.

മേൽപറമ്പിലെ ഒരു ഹോട്ടലിൽ വച്ച് 2023 സെപ്റ്റംബറിൽ യുവതി ഡോക്ടർക്കൊപ്പം സെൽഫിയെടുക്കുകയും പിന്നീട് ഈ ഫോട്ടോ കാണിച്ച് ബ്ലാക് മെയിൽ ചെയ്ത് പല തവണകളായി 45 ലക്ഷം രൂപ കൈക്കലാക്കി എന്നുമാണ് പരാതിയിൽ പറയുന്നത്. ദമ്പതികളുടെ ശല്യം വർധിച്ചതോടെയാണ് ഡോക്ടർ പരാതിയുമായി കോടതിയെ സമീപിച്ചത്.
ബിഎൻഎസ് നിയമത്തിലെ 351(2), 308, 356(1) വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മേൽപറമ്പ് ഇൻസ്പെക്ടർ എ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.