CrimeNEWS

സ്‌കൂട്ടര്‍ തട്ടിപ്പുകാരന്‍ ഉഡായിപ്പിന്റെ ഉസ്താദ്; അനന്തുകൃഷ്ണന് തുണ രാഷ്ട്രീയ ബന്ധങ്ങള്‍

കൊച്ചി: പാതി വിലയ്ക്ക് സ്‌കൂട്ടറും തയ്യല്‍ മെഷീനും ലാപ്‌ടോപ്പും മറ്റും വാഗ്ദാനം ചെയ്ത് ശതകോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതി തൊടുപുഴ സ്വദേശി അനന്തുകൃഷ്ണന്‍ (29) രാഷ്ട്രീയബന്ധങ്ങളും മറയാക്കിയെന്ന് പൊലീസ്. പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ളവര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പം പ്രദര്‍ശിപ്പിച്ചുമാണ് സ്ത്രീകളെയടക്കം ചതിക്കുഴിയില്‍ വീഴ്ത്തിയത്.

ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റ് എന്നിവരുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ജനോപകാരപ്രദമായ പരിപാടിയാണെന്ന് വിശ്വസിപ്പിച്ചാണ് രാഷ്ട്രീയ നേതാക്കളെ പരിപാടികളുടെ ഉദ്ഘാടകരാക്കിയത്. രാഷ്ട്രീയനേതാക്കള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പ്രാഥമിക വിലയിരുത്തലില്‍ തട്ടിപ്പ് 1,000 കോടി കടക്കുമെന്നാണ് നിഗമനം. ഒരു അക്കൗണ്ടില്‍ മാത്രം 400 കോടി എത്തി. ഇതില്‍ സിംഹഭാഗവും വകമാറ്റിയെന്നു സംശയിക്കുന്നു. അനന്തു വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു.

Signature-ad

തൊടുപുഴ കോളപ്രയില്‍ അനന്തുവിന്റെ വീടിന് സമീപത്തും മുട്ടത്തും ഏഴാംമൈലിലും ശങ്കരപ്പള്ളിയിലും പാലായിലുമാണ് ഭൂമി വാങ്ങിയത്. സെന്റിന് ഒന്നര ലക്ഷം മുതല്‍ നാല് ലക്ഷം വരെ വില വരുന്ന ഭൂമിയാണിവ. കര്‍ണാടകയിലും സ്ഥലം വാങ്ങി. ലക്ഷങ്ങള്‍ വിലവരുന്ന വാഹനങ്ങളും ഇയാള്‍ക്കുണ്ട്. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല. എല്ലാ പരാതികളിലും കേസെടുക്കാനാണ് പൊലീസ് ആസ്ഥാനത്തു നിന്നുള്ള നിര്‍ദ്ദേശം.

 

 

 

Back to top button
error: