CrimeNEWS

സോക്‌സിനുളളില്‍ 3000 രൂപ ഒളിപ്പിച്ചു, കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിലായി

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസര്‍ അറസ്റ്റിലായി. അതിരപ്പിളളി വില്ലേജ് ഓഫീസര്‍ കെ എല്‍ ജൂഡിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ 3000 രൂപ വലതുകാലിലെ സോക്‌സിനുളളില്‍ ഇയാള്‍ ഒളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ജൂഡിന്റെ സോക്‌സിനുളളില്‍ നിന്ന് പണം കണ്ടെടുത്തത്.

ഭൂമി വില്‍ക്കുന്നതിന് മുന്‍പ് എടുക്കുന്ന റെക്കോഡ് ഒഫ് റൈറ്റ്‌സ് സര്‍ട്ടിഫിക്കറ്റ് (ആര്‍ഒആര്‍) അനുവദിക്കുന്നതിനാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയ വ്യക്തി വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയ വ്യക്തി വിജിലന്‍സിന് പരാതി നല്‍കിയത്. വിജിലന്‍സ് അന്വേഷണം നടത്തിയപ്പോള്‍ പരാതിയില്‍ വസ്തുതയുണ്ടെന്ന് വ്യക്തമാകുകയായിരുന്നു.

Signature-ad

തുടര്‍ന്ന് കൈക്കൂലി നല്‍കാമെന്ന് അറിയിച്ച ശേഷം, ഇന്ന് വില്ലേജ് ഓഫീസര്‍ സ്ഥല പരിശോധനയ്ക്കായി അപേക്ഷകനൊപ്പം പോവുകയായിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുന്‍പായുള്ള സ്ഥല പരിശോധന കഴിഞ്ഞ് വില്ലേജ് ഓഫീസില്‍ മടങ്ങിയെത്തിയ ശേഷമാണ് ജൂഡ് പരാതിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയത്. വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകളാണ് കൈക്കൂലിയായി കൈമാറിയത്. ഇതിനിടെ വിജിലന്‍സ് സംഘമെത്തി വില്ലേജ് ഓഫീസറെ പിടികൂടുകയായിരുന്നു. സ്ഥലപരിശോധന നടക്കുമ്പോഴും വിജിലന്‍സ് സംഘം പിന്തുടര്‍ന്നിരുന്നു.

ജൂഡ് നേരത്തെ കാസര്‍കോട് കൈക്കൂലി കേസില്‍പ്പെട്ടയാളാണെന്നും മാളയില്‍ ജോലി ചെയ്തപ്പോഴും ഇയാള്‍ക്കെതിരെ കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

Back to top button
error: