
വയനാടിനെ ഞെട്ടിച്ച ക്രൂര കൊലപാതകം. തൊണ്ടർനാട് സ്റ്റേഷൻ പരിധിയിലെ വെള്ളിലാടിയിൽ അതിഥി തൊഴിലാളിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ബാഗുകളിൽ ഒളിപ്പിച്ച് ഉപേക്ഷിച്ചു. ഉത്തർപ്രദേശ് സ്വദേശി മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത മുഹമ്മദ് ആരിഫും (38)യുപി സ്വദേശി തന്നെ.
ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണത്രേ കൊലപാതകം. മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങളടങ്ങിയ ബാഗുകൾ കണ്ടെത്തിയത്.

വെള്ളിലാടിയിൽ വച്ച് മുഖീബിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ബാഗിൽ ഒളിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയായ മറ്റൊരാളുടെ ഓട്ടോറിക്ഷയിൽ കയറ്റിയാണ് ബാഗുകൾ മൂളിത്തോട് പാലത്തിന് സമീപമെത്തിച്ച് ഉപേക്ഷിച്ചത്. സംശയം തോന്നിയ ഈ ഓട്ടോ ഡ്രൈവർ പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലിസ് ബാഗുകൾ കണ്ടെത്തി. അതേ തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.