IndiaNEWS

മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിലെ അറിയിപ്പ്: ‘ശരീരഭാഗങ്ങള്‍ കാണിക്കുന്ന വസ്ത്രങ്ങളും കീറിയ ജീന്‍സും ധരിച്ച്  പ്രവേശനമില്ല’ 

    മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തില്‍ ഭക്തരുടെ വസ്ത്രധാരണരീതി കര്‍ശനമാക്കി അധികൃതര്‍. മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിച്ച് പലരും വരുന്നുണ്ടെന്നും അതിനാല്‍ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയെന്നുമാണ് ക്ഷേത്രം ട്രസ്റ്റ് പറയുന്നത്.

ഇനി ശരീരഭാഗങ്ങള്‍ ആവശ്യത്തിലധികം പുറത്ത് കാണിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങളും കീറിയ ജീന്‍സും ഷോര്‍ട്ട് സ്‌കര്‍ട്ടുകളും ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ല. ഇത്തരം വസ്ത്രങ്ങള്‍ക്ക് ക്ഷേത്രത്തില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഭക്തര്‍ മാന്യമായ ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ചുവരണം എന്നാണ് ട്രസ്റ്റ് നല്‍കിയ നിര്‍ദേശം.

Signature-ad

പുതിയ ഡ്രസ് കോഡ് പാലിക്കാത്തവരെ അടുത്ത ആഴ്ച മുതല്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിന്റെ പവിത്രതയെ മാനിച്ചുകൊണ്ടാണ് പുതിയ തീരുമാനമെടുത്തതെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. ഇതുവരെ സിദ്ധിവിനായക ക്ഷേത്രത്തില്‍ ഏതു വസ്ത്രം ധരിച്ചും പ്രവേശിക്കാമായിരുന്നു.

ആരാധനാലയത്തിന് അനുയോജ്യമല്ലാത്ത വസ്ത്രധാരണത്തെക്കുറിച്ച് നിരവധി ഭക്തര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ മാനിച്ചാണ് തീരുമാനമെന്നും ട്രസ്റ്റ് വ്യക്തമാക്കി. ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കുന്നതിനാണ് ഡ്രസ് കോഡ് നടപ്പിലാക്കാന്‍ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഭക്തരാണ് ഈ ക്ഷേത്രത്തിൽ ദിവസേന എത്തുന്നത്.

Back to top button
error: