KeralaNEWS

പത്തനംതിട്ടയില്‍ എസ്.ഐയെ തൂക്കിയടിച്ച് 18കാരന്‍: സ്ത്രീകളെ ശല്യം ചെയ്യുന്നത് വിലക്കിയപ്പോഴാണ് സംഭവം

   പത്തനംതിട്ട: പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എസ്.ഐയെ മര്‍ദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് കിടങ്ങേത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ നിന്നും അതിരുങ്കല്‍ അമ്പാടിയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജിബിന്‍ ബിജു (18) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ ജിനുവിനാണ് മര്‍ദ്ദനമേറ്റത്. കസ്റ്റഡിയില്‍ എടുത്ത ജിബിനെ പൊലീസ് ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐയെ നിലത്ത് അടിക്കുകയായിരുന്നു.

സ്ത്രീകളെ ശല്യം ചെയ്യുന്നതായി ഫോണ്‍ സന്ദേശം കിട്ടിയതിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയപ്പോഴാണത്രേ യുവാവ് ആക്രമണം നടത്തിയത്.  വൈകിട്ട്  5 മണിക്കാണ് സംഭവം. സ്ഥലത്ത് സ്ത്രീകളെയും പെണ്‍കുട്ടികളെയും ശല്യപ്പെടുത്തിയ ഇയാളെ എസ് ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം അവിടെനിന്നും ഒഴിവാക്കാന്‍ ശ്രമിച്ചു. പേരുവിവരം ചോദിച്ച എസ്.ഐയോട് തട്ടിക്കയറി. സ്ഥലത്തുനിന്നും നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അക്രമാസക്തനാവുകയായിരുന്നു.

Signature-ad

എസ് ഐ ജിനുവിനെ കൈയേറ്റം ചെയ്യുകയും തള്ളിത്താഴെയിട്ട ശേഷം കമ്പെടുത്ത് തലക്ക് പിന്നില്‍ അടിക്കുകയും യൂണിഫോം വലിച്ച് പൊട്ടിക്കുകയും ചെയ്തു. കൂടുതല്‍ പോലീസ് എത്തി ഇയാളെ നിയന്ത്രണത്തിലാക്കി സ്‌റ്റേഷനിലെത്തിച്ചു.

എസ്.ഐ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. അദ്ദേഹത്തിന്റെ മൊഴി പ്രകാരം ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് കേസെടുത്തത്. പോലീസ് ഇന്‍സ്‌പെക്ടര്‍ ഡി. ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
യുവാവിനെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്വകാര്യ ബസ് സ്റ്റാൻ്റ് തുടങ്ങിയ പൊതു ഇടങ്ങള്‍ കേന്ദ്രീകരിച്ച് പട്രോളിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ കര്‍ശനമാക്കുമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും ജില്ലാ  പൊലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ അറിയിച്ചു.

Back to top button
error: