![](https://newsthen.com/wp-content/uploads/2025/01/IMG-20250128-WA0036.jpg)
എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ലിബി ഹരിയുടെ വാക്കുകൾ പൊതു ഇടങ്ങളിൽ എന്നും ശ്രദ്ധ നേടാറുണ്ട്. നെറികേടുകളൊട് സന്ധിയില്ലാതെ പോരാടുന്ന ഈ എഴുത്തുകാരിയുടെ വാക്ശരങ്ങൾ പല കോട്ടകൊത്തളങ്ങളെയും ഇളക്കാൻ കരുത്തുള്ളവയാണ്. അടുത്ത സമയത്ത് കത്തോലിക്കാ സഭയ്ക്ക് എതിരെ സ്വന്തം അനുഭവങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് ലിബി ഹരി ഇട്ട ഒരു പോസ്റ്റ് സമുഹമാധ്യമങ്ങളിൽ തീ പടർത്തിയിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ബോഡി കത്തോലിക്കാ സഭയാണെന്ന് ലിബി ഹരി പറയുന്നു. നിശബ്ദമായി പ്രവർത്തിക്കുന്ന അവരെ സംഘികളെപ്പോലെയോ ഇസ്ലാമിസ്റ്റുകളെപ്പോലെയോ പ്രത്യക്ഷത്തിൽ അപകടകാരികളായി ആരും കാണാറില്ല. വെളുത്ത ഭീകരതയാണ് ഏറ്റവും വലിയ ഭീകരതയെന്നും ലിബിഹരി ഫേസ്‌ബുക്കിൽ കുറിച്ചു.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
തനിക്കെതിരെ നൽകിയിട്ടുള്ള മാനനഷ്ടക്കേസിനെക്കുറിച്ചും ലിബി പരാമർശിക്കുന്നു. ടെരീസിയൻ കർമ്മലീറ്റ് കോൺവെന്റിലെ ഒരു കന്യാസ്ത്രീ നൽകിയ കേസിൽ, താൻ പോസ്റ്റുകൾ നീക്കം ചെയ്യുകയും കന്യാസ്ത്രീ സമൂഹത്തോട് മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നായിരുന്നു വക്കീൽ നോട്ടീസിലെ പരാമർശം. ഇതിന് തന്റേതായ രീതിയിൽ മറുപടി നൽകിയെന്നും ലിബി പറയുന്നു.
ക്രിസ്ത്യൻ സഭയെ വിമർശിക്കുന്നവരുടെ എണ്ണം കുറവാണെന്നും, അത്തരക്കാരെ സഭയുടെ ശക്തമായ സംവിധാനങ്ങൾ ഉപയോഗിച്ച് നിശബ്ദരാക്കാറുണ്ടെന്നും ലിബി പറയുന്നു. സഭയെ ധൈര്യപൂർവ്വം നേരിട്ടവരിൽ അധികവും മുൻ കന്യാസ്ത്രീകളാണെന്നും ലിബി കൂട്ടിച്ചേർക്കുന്നു.
ലിബി ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
” ജനറാൾ സൂസന്നാമ്മ കൊടുത്ത ക്രിമിനൽ defamation case കൂടാതെ എനിക്കെതിരെ Teresian Carmelites convent ലെ തന്നെ 69 വയസുള്ള Sr. Percy എന്നൊരു കന്യാസ്ത്രീയെക്കൊണ്ട് സിവിൽ ആയും defamation case കൊടുത്തിട്ടുണ്ട്. അതിൻ്റെ ഭാഗമായി മുൻപ് എനിക്കൊരു വക്കീൽ നോട്ടീസ് വന്നിരുന്നു. ഞാൻ പോസ്റ്റുകൾ നീക്കം ചെയ്ത് കന്യാസ്ത്രീ സമൂഹത്തോട് മാപ്പ് പറയണം എന്നായിരുന്നു അവശ്യം. അല്ലെങ്കിൽ ഞാൻ മൂലം ഒരു ക്രിസ്ത്യാനിയായി അന്തസോടെ/അഭിമാനത്തോടെ ജീവിക്കാൻ സാധിക്കാത്തതിനാൽ 1 കോടി രൂപ നഷ്ട പരിഹാരം ആവശ്യേപ്പെട്ടു കേസ് ഫയൽ ചെയ്യും എന്നായിരുന്നു നോട്ടീസ്.
ഞാൻ അതിന് വക്കീൽ ഭാഷയിലൊന്നുമല്ലാതെ ഒരു മറുപടി ലെറ്റർ രെജിസ്റ്റർ ആയി അയച്ചു. അത് പണ്ട് പൊൻകുന്നം വർക്കി ജയിലിൽ കിടക്കുമ്പോൾ മാപ്പ് പറഞ്ഞാൽ വെറുതെ വിടാമെന്ന് പറഞ്ഞപ്പോൾ ‘അതിന് പൊൻകുന്നം വർക്കി വേറെ ജനിക്കണം’ എന്ന് ജയിൽ കിടന്ന് അദ്ദേഹം പറഞ്ഞ മറുപടി കോപ്പി പേസ്റ്റ് ചെയ്ത് അയച്ചുകൊടുക്കുകയായിരുന്നു.
“വക്കീലേ. മാപ്പ് പറയാൻ ലിബി സി,എസ് വേറെ ജനിക്കണം. സത്യമല്ലാത്തതൊന്നും ഞാൻ അതിൽ പറഞ്ഞിട്ടില്ല. അതിന്റെ പേരിൽ എന്ത് ഭവിഷ്യത്ത് ഉണ്ടായാലും ഞാൻ അനുഭവിച്ചോളാം.”
രണ്ടുവരി മാത്രമുള്ള മറുപടി ഇതായിരുന്നു. ഒരുപക്ഷെ അദ്ദേഹത്തിന് ആദ്യമായിട്ടായിരിക്കും ഒരു വക്കീൽ നോട്ടീസിന് ഇത്രയും ലഘുവായ ഒരു മറുപടി കിട്ടിയിട്ടുണ്ടാവുക.
എന്തയാലും മറ്റേ കേസ് കൂടാതെ അദ്ദേഹം ഒരു സിവിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
ക്രിസ്തുമതത്തെ വിമർശിക്കുന്നവരെ കൈകാര്യം ചെയ്യുന്നതിനുള്ളത് പോലുള്ള നെറ്റ് വർക്കുകളൊന്നും ഹിന്ദുക്കൾക്കോ മുസ്ലിങ്ങൾക്കോ ഇല്ല. പ്രത്യേകിച്ച് സ്ത്രീകളെ!
കേസുകൾ നടത്താനൊക്കെ അവർക്ക് കോടികൾ ഫണ്ട് ഉണ്ട്. ഇപ്പോൾ സംഘികൾ വന്നപ്പോൾ മാത്രമാണ് ഹിന്ദു വ്രണിതർ കുറെ ലീഗൽ ഫോറങ്ങളൊക്കെ ഉണ്ടാക്കി നടക്കുന്നത്, അതൊന്നും കത്തോലിക്കാ സഭയുടെ സെറ്റപ്പിനോളം വരില്ല.
സഭയെ സധൈര്യം നേരിട്ടിട്ടുള്ളവർ വളരെ വിരളമാണ്. ഫൈറ്റ് ചെയ്ത് നിന്നവരിൽ അധികവും മുൻ കന്യാസ്ത്രീകളാണ്. അവർക്കിതിന്റെ ഭാഗമായി നിന്നുകൊണ്ട് ഇതിനെതിരെ പ്രവർത്തിച്ച് കുറച്ചുകൂടി ധൈര്യമൊക്കെ കൈവന്ന ശേഷമായിരിക്കും പുറത്ത് കടന്നിട്ടുണ്ടാവുക എന്നത് കൊണ്ടുതന്നെ.
കേരളത്തിൽ യുക്തിവാദികളായിമാറിയ എത്ര ക്രിസ്ത്യൻ സ്ത്രീകളെ നിങ്ങൾക്കറിയാം?
മുൻപും പലതവണ പറഞ്ഞിട്ടുള്ളതാണ്. യുക്തിവാദികളായ ധാരാളം മുസ്ലിം സ്ത്രീകളെ നമുക്കറിയാം. എന്നാൽ ഒരു നൂറ്റാണ്ടാകുന്ന കേരളത്തിലെ യുക്തിവാദ പാരമ്പര്യത്തിൽ എത്ര ക്രിസ്ത്യൻ സ്ത്രീകളുണ്ട്?
എന്തായാലും പരസ്യമായി യുക്തിവാദികളായി ജീവിക്കുകയും പ്രവർത്തിക്കുകയുമൊക്കെ ചെയ്യുന്ന സ്ത്രീകളിൽ ധാരളം ഹിന്ദു ബാക്ക് ഗ്രൗണ്ടിൽ നിന്നും വന്നവരെയും മുസ്ലിം ബാക്ക് ഗ്രൗണ്ടിൽ നിന്നും വന്നവരെയും എനിക്കറിയാം. എന്നാൽ ക്രിസ്ത്യൻ ബാക്ക് ഗ്രൗണ്ടിൽ നിന്നും വന്ന സ്ത്രീകളെ അധികമാരെയും എനിക്കറിയില്ല.
ആകപ്പാടെ പണ്ടുമുതലുള്ളത് ഒരു എൽസ ടീച്ചറും എലിസബത്ത്. സി എസും മാത്രമാണ്. വേറെ ചില ക്രിസ്ത്യൻ സ്ത്രീകളൊക്കെ എവിടെങ്കിലും ജോലിചെയ്യുമ്പോഴോ പഠിക്കുമ്പോഴോ ഇടയ്ക്ക് പ്രത്യക്ഷപ്പെടുമെങ്കിലും വീട്ടിലെത്തുന്നതോടെ പെട്ടന്നുതന്നെ അപ്രത്യക്ഷമാകുന്നതു കാണാം. പിന്നെ ഇപ്പോൾ മരിയ റോസയെ പോലെ ചില എക്‌സ് നൺസ് ഉണ്ട്. അതുതന്നെ അവർ കന്യാസ്ത്രീ അല്ലാതായിട്ടും എത്രയോ വർഷമെടുത്തു മതം ഉപേക്ഷിക്കാൻ എന്ന് അവർ തന്നെ പറയുന്നുണ്ടല്ലോ? വേറൊരു ഡോ. ത്രേസ്യ.എൻ.ജോണിനെയും കാണുന്നുണ്ട്. അതല്ലെങ്കിൽ രംഗത്തു വരാത്ത പ്രേമിച്ചു വിവാഹിതരായ ഏതെങ്കിലും മിശ്രവിവാഹിതരുടെ ഭാര്യമാർ കാണും. അച്ഛനോ അമ്മയോ ആരെങ്കിലും യുക്തിവാദികളായവരുടെ കുട്ടികളും കാണും. അല്ലാതെ സാധാരണ അൽമായരെ ആരെയും കാണാൻ കഴിയില്ല.
ക്രിസ്ത്യൻ ആണുങ്ങൾ എംസി ജോസഫിന്റെ കാലം മുതലിങ്ങോട്ട് ധാരാളം പേരുണ്ടെങ്കിലും ഒരു സ്ത്രീയെ എങ്കിലും നിങ്ങൾക്കറിയാമോ? ഇടമറുകിൻ്റെ ഭാര്യ സോളി ഇടമറുകിനെ പറയാമെങ്കിലും അവർ ബേസിക്കലി ആലപ്പുഴയിലെ ഒരു ഈഴവ സ്ത്രീയാണ്. അവരെ ഇനി ക്രിസ്ത്യൻ ലിസ്റ്റിൽ കൂട്ടിയാൽ തന്നെ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ വേറെ എത്രപേരെ നിങ്ങൾക്കറിയാം? എന്നാൽ ഇന്നുള്ള മുസ്ലിം യുക്തിവാദി വനിതകളെയോ ഹിന്ദു വനിതകളെയോ പോലെ വിശ്വാസി കുടുംബത്തിൽ നിന്ന് ഒരു ക്രിസ്ത്യൻ സ്ത്രീ യുക്തിവാദിയായി മാറുന്നത് കാണാൻ കഴിയില്ല.
ഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പോകുക നിർബന്ധമല്ലാത്തതു കൊണ്ടും മുസ്ലിങ്ങൾക്ക് സ്ത്രീകൾ പള്ളിയിൽ പോകുന്ന ശീലമില്ലാത്തതുകൊണ്ടും അവർ യുക്തിവാദികൾ ആയാലും മത അധികാരികളൊന്നും പെട്ടന്നു മനസിലാക്കില്ല. എന്നാൽ അടുപ്പിച്ച് രണ്ടു ഞായറാഴ്ച പള്ളിയിൽ പോകാതിരുന്നാൽ അന്വേഷിക്കാൻ അയൽവക്കക്കാർ മുതൽ കുടുംബയൂണിറ്റുകാരും കത്തനാരും വരെ എത്തും. അച്ചൻ രക്ഷിതാക്കളെ വിളിച്ചന്വേഷിക്കും. വലിയ നെറ്റ് വർക്ക് തന്നെ ഒരു കുഞ്ഞാടും വഴിതെറ്റി പോകാതിരിക്കാനായി പ്രവർത്തിക്കുന്നുണ്ട്.
ഇനി ആരെങ്കിലും അതൊക്കെ പൊളിച്ചു പുറത്തുകടന്നാൽ അവർക്ക് സാമൂഹ്യ ബഹിഷ്കരണവും ശാരീരിക മർദ്ദനങ്ങളും വരെ ഏൽക്കേണ്ടി വരാറും ഉണ്ട്. ശാരീരിക ആക്രമണങ്ങൾ ബുദ്ധിപൂർവം വെള്ള നൈറ്റിക്കാർ വീട്ടുകാരെയും ബന്ധുക്കളെയും ഉപയോഗിച്ചാണ് ചെയ്യുക. മതസംഘടന നേരിട്ടല്ല എന്നതിനാൽ അതിന് അത്തരത്തിൽ ഒരു പരിവേഷം കിട്ടാറുമില്ല.
ഞാനൊക്കെ രക്ഷിതാക്കളുടെ മാത്രമല്ല, അങ്കിൾമാരുടെ വരെ ശാരീരിക ആക്രമങ്ങളെ നേരിട്ടിട്ടുണ്ട്, ചേർത്തലയിലെ പഴയ യുക്തിവാദികൾക്ക് ദിവസവും ഇടി പ്രശ്‌നം പരിഹരിക്കലായിരുന്നു ജോലി. ഇന്നാണെകിൽ ഞാൻ തിരിച്ചും രണ്ടെണ്ണം കൊടുക്കുകയും ഫെയ്‌സ്‌ബുക്കിൽ ലൈവ് ഇടുകയുമൊക്കെ ചെയ്താൽ ആരെങ്കിലുമൊക്കെ സഹായിക്കാൻ എത്തുന്നതായ സാഹചര്യങ്ങൾ ഉണ്ടെങ്കിലും അന്ന് അതിനുള്ള സൗകര്യങ്ങളൊന്നുമില്ലായിരുന്നല്ലോ? രക്ഷിതാക്കളുടെയും ബന്ധുക്കളുടയുമൊക്കെ ധരാളം ഉപദ്രവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും ഉപദ്രവങ്ങൾക്ക് കുറവൊന്നുമില്ലെങ്കിലും നേരിട്ട് ഉപദ്രവിക്കാറില്ല.
സൈബർ ആക്രണങ്ങളുടെ കാര്യത്തിൽ മൂന്ന് വിഭാഗങ്ങളും മോശക്കാരല്ല. എൻ്റെ പഴയ ഐഡി സംഘികൾ പൂട്ടിച്ചതാണ്. അതിൽ ഫ്രണ്ട്സ് ആയിരുന്നവർക്ക് അറിയാം ഞാൻ ഹിന്ദു തീവ്രവാദികളുടെയും ക്രിസങ്കികളുടേയുമൊക്കെ എത്രമാത്രം ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നുള്ളത്. ഇപ്പോൾ ഈ ഐഡിയിൽ അതുകുറഞ്ഞത് അവരൊക്കെ നന്നായതു കൊണ്ടല്ല. സംഘിയോ ക്രിസങ്കിയോ ആണെന്നു മനസ്സിലായാൽ ഞാൻ അത്യാവശ്യത്തിന് രണ്ട് ഡോസ് തെറിയൊക്കെ വിളിച്ചിട്ട് അപ്പപ്പോൾ ബ്ലോക്ക് ചെയ്തു വിടുന്നതു കൊണ്ടാണ്.
മുസ്ലിം സ്ത്രീകളുടെ സ്വത്ത് സംബന്ധമായ വിഷയങ്ങൾ!
തീർച്ചയായും മുസ്ലിം സ്ത്രീകളുടെ സ്വത്ത് സംബന്ധമായ നിയമങ്ങളൊക്കെ പരിഷ്കരിക്കെപ്പെടേണ്ടതും പുതിയ നിയമനിർമ്മാണം ഉണ്ടാകേണ്ടതുമായ വിഷയങ്ങൾ തന്നെയാണ്. എന്നാൽ ക്രിസ്ത്യൻ സ്ത്രീകളുടെ കാര്യവും വാസ്തവത്തിൽ അത്ര വ്യത്യസ്തമൊന്നുമല്ല. മേരി റോയി നടത്തിയ വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ക്രിസ്ത്യൻ സ്ത്രീകൾക്ക് നിയമത്തിൻറെ മുന്നിലെങ്കിലും സ്വത്തിൽ തുല്യാവകാശം ലഭിച്ചത്, അത് നിയമത്തിൽ മാത്രമേ ഉള്ളൂ. ഇപ്പോഴും തുല്യാവകാശം കിട്ടിയ എത്ര ക്രിസ്ത്യൻ സ്ത്രീകൾ ഉണ്ടെന്ന് നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള ക്രിസ്ത്യൻ സ്ത്രീകളോട് രഹസ്യമായി ചോദിച്ച് നോക്കൂ.
ആ വിധിയെ മറികടക്കാൻ കേരളാ നിയമസഭയിൽ ‘ദ ട്രാവന്‍കൂര്‍ ആന്റ് കൊച്ചിന്‍ ക്രിസ്ത്യന്‍ സക്‌സസെഷന്‍ (റിവൈവല്‍ ആന്റ് വാലിഡേഷന്‍) ബില്‍ 1994 ‘ എന്ന പേരില്‍ ബില്ല് സര്‍ക്കുലേറ്റ് ചെയ്‌തെങ്കിലും ബില്ലിന് രാഷ്ട പതിയുടെ അംഗീകാരം ലഭിച്ചില്ല. കെഎം മാണിയുടെ ആ ബില്ല് ഇപ്പോഴും ത്രിശങ്കു സ്വർഗത്തിലാണ്. അന്ന് സ്ത്രീവിരുദ്ധ ബില്ലുകൊണ്ടുവന്ന മാണിയും പിന്തുണച്ച ഉമ്മനും ഇപ്പോൾ പാലയുടെയും പുതുപ്പള്ളിയുടെയും പുണ്യാളന്മാരാണ്. എന്തെല്ലാം വൃത്തികെട്ട അപവാദ കഥകളാണ് മേരി റോയിക്കെതിരെ കുഞ്ഞാടുകളും മുട്ടനാടുകളും മനോരമയും ദീപികയുമൊക്കെ പ്രചരിപ്പിച്ചത്?
അതുകൊണ്ട് ആരും ഒട്ടും മോശക്കാരല്ല, ഏതു കാര്യമെടുത്ത് നോക്കിയാലും. ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ബോഡി കത്തോലിക്കാ സഭയാണ്. അവരോട് മുട്ടുന്നവർ ഒന്നുകിൽ കുളം തോണ്ടും അല്ലെങ്കിൽ ഇടയ്ക്ക് സന്ധിചെയ്ത് എല്ലാം അവസാനിപ്പിക്കും. ഇതാണ് ഇന്നുവരെ കണ്ടുവരുന്നത്!
നിശബ്ദമായി പ്രവർത്തിക്കുന്ന അവരെ സംഘികളെപ്പോലെയോ ഇസ്ലാമിസ്റ്റുകളെപ്പോലെയോ അപകടകാരികളായി ആരും കാണാറുമില്ല. വെളുത്ത ഭീകരതയാണ് ഏറ്റവും വലിയ ഭീകരത! അതിലെ സീറോകൾ പ്രത്യേകിച്ച്…!”