
ന്യൂഡല്‍ഹി: മരപ്പണിയും വിദഗ്ധജോലിയായി കണക്കാക്കാമെന്ന് മോട്ടോര്‍വാഹനാപകട നഷ്ടപരിഹാരക്കേസില്‍ സുപ്രീംകോടതി പറഞ്ഞു. വാഹനാപകടത്തില്‍ വലതുകൈ നഷ്ടപ്പെട്ട പഞ്ചാബ് സ്വദേശിക്ക് നഷ്ടപരിഹാരം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. മരപ്പണിക്കാരന് അവിദഗ്ധ തൊഴിലാളിക്കുള്ള മിനിമംകൂലിയേ കണക്കാക്കാനാകൂവെന്ന വാദം കോടതി തള്ളി.
പ്രതിദിന ഉപയോഗത്തിനോ ഭംഗിക്കോ ആവശ്യമായരീതിയില്‍ തടിയെ ഒരുക്കുന്നതാണ് മരപ്പണിക്കാരുടെ ജോലി. സാധാരണക്കാര്‍ക്ക് ചെയ്യാനാകാത്തതും വളരെ കണക്കുകൂട്ടലുകള്‍ ആവശ്യമുള്ളതുമായ തൊഴിലാണിതെന്നും സുപ്രീംകോടതി പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരനായ കരംജീത് സിങ്ങിന് ഹൈക്കോടതി നിശ്ചയിച്ച 8.26 ലക്ഷം രൂപ സുപ്രീംകോടതി 15.91 ലക്ഷമാക്കി വര്‍ധിപ്പിച്ചു.