വയനാട്: അന്തരിച്ച ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യകുറിപ്പില്‍ വയനാട് എം.പിയുടെ സ്റ്റാഫംഗങ്ങളുടെ പേരും. പ്രിയങ്ക ഗാന്ധി എം.പിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം രതീഷ് കുമാര്‍, രാഹുല്‍ ഗാന്ധി എം.പിയായിരുന്നപ്പോള്‍ ഓഫീസിലുണ്ടായിരുന്ന മുജീബ് കെ.എ എന്നിവരുടെ പേരാണ് ആത്മഹത്യ കുറിപ്പിലുള്ളത്.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയ്ക്ക്് ഏഴ് ലക്ഷം കൊടുത്തത് രതീഷിനും മുജീബിനും അറിയാം എന്നാണ് കുറിപ്പില്‍ പറയുന്നത്. ഇത് തിരിച്ചു കൊടുക്കാന്‍ എം.എല്‍.എ തയ്യാറാകാതെ വന്നപ്പോള്‍ ഇരുവരുടെയും സാലറി സര്‍ട്ടിഫിക്കറ്റ് വച്ച് ലോണ്‍ എടുക്കേണ്ടി വരുമെന്നും കുറിപ്പില്‍ പറയുന്നു. 2017- 18 വര്‍ഷമാണ് കുറിപ്പില്‍ പറയുന്ന സംഭവം നടന്നത്. അന്ന് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലുണ്ടായിരുന്ന മുജീബ് എം. പി ഓഫീസില്‍ ഗാന്ധി ചിത്രം തകര്‍ത്ത കേസിലെ പ്രതിയാണ്.
അതേസമയം, വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യ പ്രേരണ കേസില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഇന്നലെ രാവിലെ 11 മണിയോടെ ചോദ്യം ചെയ്യലിന് ഹാജരായ എം.എല്‍.എയെ ആറുമണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പുത്തൂര്‍ വയല്‍ പൊലീസ് ഹെഡ് ക്വാര്‍ട്ടര്‍ ക്യാമ്പിലാണ് പ്രത്യേക അന്വേഷണ സംഘം ഐ സി ബാലകൃഷണനെ ചോദ്യം ചെയ്യുന്നത്. ശനിയാഴ്ച വരെയാണ് എം.എല്‍.എയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള കോടതി നിര്‍ദ്ദേശം. രാവിലെ മുതല്‍ വൈകീട്ട് നാല് വരെയാണ് സമയം.
അര്‍ബന്‍ ബാങ്കില്‍ അനധികൃത നിയമനത്തിന് ശുപാര്‍ശ്ശ നല്‍കിയതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എം എല്‍ എയില്‍ നിന്ന് അന്വേഷണ സംഘം വിശദാംശങ്ങള്‍ തേടി. ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്റേയും കെ.കെ ഗോപിനാഥന്റേയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് ഐ.സി ബാലകൃഷണ്‍ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. ഇരുവരില്‍ നിന്നും ലഭിച്ച മൊഴികളുടേയും അനുബന്ധ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു ഐ സി ബാലകൃഷ്ണനെ ഇന്നലെ ചോദ്യം ചെയ്തത്.