തിരുവനന്തപുരം: സാഹചര്യ, ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലായിരുന്നെങ്കില്‍ ആത്മഹത്യയോ, അസ്വാഭാവിക മരണമായോ മാറേണ്ട കേസാണ് ഷാരോണ്‍ കൊലപാതക കേസെന്നായിരുന്നു കോടതി നിരീക്ഷണം. ശൂന്യതയില്‍ നിന്ന് തുടങ്ങിയ അന്വേഷണം പ്രതി ഗ്രീഷ്മയിലേക്ക് എത്തിച്ച് വധശിക്ഷ വാങ്ങിക്കൊടുക്കാനായതില്‍ അന്വേഷണ സംഘത്തിനും അഭിമാനിക്കാം. ഈ മികവിനെ വിധി പറഞ്ഞ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി അഭിനന്ദിക്കുകയും ചെയ്തു.
ഗ്രീഷ്മയെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ദിവസം പോലും അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന എസ്.പി സുല്‍ഫിക്കര്‍ പറഞ്ഞു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ മികച്ച അന്വേഷണമാണ് ഗ്രീഷ്മയെ കുടുക്കിയത്.
തുടക്കത്തില്‍ പൊലീസിനെ കബിളിപ്പിച്ച ഗ്രീഷ്മയെ കുടുക്കിയത് നാല് ചോദ്യങ്ങളാണ്. ഇത് ചോദിച്ചത് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജെ.ജോണ്‍സണും. ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണങ്ങളടക്കം ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്. അതില്‍ നിന്നാണ് പ്രധാനമായും നാല് ചോദ്യങ്ങളുടെ ഉത്തരം ഗ്രീഷ്മയില്‍ നിന്ന് തേടിയത്. ആ ഉത്തരങ്ങളില്‍ പിടിച്ചുകയറിയതോടെ ഗ്രീഷ്മയ്ക്ക് കുറ്റം സമ്മതിക്കേണ്ടിവന്നു. ആ നാല് ചോദ്യങ്ങള്‍:
1.മറ്റൊരു വിവാഹം തീരുമാനിച്ച ശേഷവും എന്തിന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി?
2.ഷാരോണിനു ശീതള പാനീയമടക്കം എന്തെല്ലാം നല്‍കി?
3.കഷായം നല്‍കാനുണ്ടായ സാഹചര്യം?
4.ഈ സമയം വീട്ടില്‍ ആരെല്ലാം ഉണ്ടായിരുന്നു?
സാഹചര്യ തെളിവുകളെ അന്വേഷണ സംഘം വിദഗ്ദ്ധമായി കോര്‍ത്തിണക്കി. ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായ 2021 തൊട്ടുള്ള ഫോട്ടോകളും വീഡിയോകളും ശേഖരിച്ചു. ഫോറന്‍സിക് ലാബിലെ ദീപയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് കണ്ടെത്തിയത്. ഗ്രീഷ്മ വിഷക്കുപ്പിയുടെ ലേബല്‍ ഇളക്കി മാറ്റിയശേഷമാണ് കുപ്പി ഉപേക്ഷിച്ചത്. ആ ലേബല്‍ പൊലീസ് കണ്ടെത്തി. സയന്റിഫിക് ഓഫീസറായ വിനീതിന്റെ നേതൃത്വത്തില്‍ കീറികളഞ്ഞ ലേബല്‍ വിഷക്കുപ്പിയുടെതെന്ന് തെളിയിച്ചു.
തിരുവനന്തപുരം റൂറല്‍ എസ്.പിയായിരുന്ന ഡി.ശില്പയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടീമാണ് കേസ് അന്വേഷിച്ചത്. എസ്.പി എം.കെ.സുല്‍ഫിക്കര്‍, ഡിവൈ.എസ്.പിമാരായ കെ.ജെ. ജോണ്‍സണ്‍, വി.ടി.റാസിത്ത്, പാറശാല ഇന്‍സ്പെക്ടര്‍ സജി എന്നിവരടക്കം സംഘത്തിലുണ്ടായിരുന്നു.