KeralaNEWS

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍; രാജീവ് ചന്ദ്രശേഖറും എംടി രമേശും പരിഗണനയില്‍, തീരുമാനം ഉടന്‍

തിരുവനന്തപുരം: കേരളത്തിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ നിശ്ചയിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി ദേശീയ നേതൃത്വം. മാര്‍ച്ച് മാസത്തിനകം പുതിയ സംസ്ഥാന അദ്ധ്യക്ഷനെ ചുമതലപ്പെടുത്താനും ഈ സമയത്തിനുള്ളില്‍ തന്നെ എല്ലാ ജില്ലകളിലും പുതിയ അദ്ധ്യക്ഷന്മാരെ കൊണ്ടുവരാനുമാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ചുമതല പൂര്‍ണമായും പുതിയ കമ്മറ്റിക്കായിരിക്കും.

അഞ്ച് വര്‍ഷമായി ഭാരവാഹിത്വത്തില്‍ തുടരുന്നവര്‍ സ്ഥാനം ഒഴിയണമെന്ന നിര്‍ദേശം നടപ്പാക്കാനാണ് നിലവിലെ തീരുമാനം. അതിനാല്‍ കെ സുരേന്ദ്രന് അദ്ധ്യക്ഷസ്ഥാനത്ത് തുടരാനാവില്ല. സുരേന്ദ്രനെതിരെ കേരളത്തില്‍ നിന്നും പലവിമര്‍ശനങ്ങളും ഉയര്‍ന്നെങ്കിലും സംസ്ഥാന അദ്ധ്യക്ഷനെന്ന നിലയില്‍ മികച്ച നിലയില്‍ സുരേന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റുന്ന കെ സുരേന്ദ്രനെ രാജ്യസഭാ അംഗത്വത്തിലേക്കോ സഹമന്ത്രി സ്ഥാനത്തേക്കോ പരിഗണിക്കുമെന്നും സൂചനകളുണ്ട്.

Signature-ad

മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എംടി രമേശ് എന്നിവരുടെ പേരുകളാണ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ഇതില്‍ രാജീവ് ചന്ദ്രശേഖറിനാണ് ദേശീയ നേതൃത്വം പ്രഥമ പരിഗണന നല്‍കുന്നത്. രാജീവ് ചന്ദ്രശേഖറുമായി ഇക്കാര്യത്തില്‍ ബിജെപി ദേശീയ നേതൃത്വവും ആര്‍എസ്എസ് നേതൃത്വവും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കേരളത്തിലെ ബിജെപിക്കുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ അടക്കമുള്ള കാര്യങ്ങളും കേരളത്തില്‍ സ്ഥിരമായി നില്‍ക്കേണ്ടി വരുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങളും രാജീവ് ചന്ദ്രശേഖര്‍ ദേശീയ നേതാക്കള്‍ക്ക് മുന്‍പില്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, സംസ്ഥാന അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്ന കാര്യത്തില്‍ രാജീവ് ചന്ദ്രശേഖറിനുമേല്‍ നേതൃത്വം സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: