എറണാകുളം: അനധികൃതമായി തങ്ങിയ നാല് ബംഗ്ലാദേശികള്‍ പിടിയില്‍. തൃപ്പൂണിത്തുറ എരൂര്‍ മാത്തൂരില്‍ ഒരു വനിതയടക്കം മൂന്നുപേരും അങ്കമാലിയില്‍ ഒരാളുമാണ് പിടിയിലായത്. എരൂരില്‍ ഒരു വനിതയടക്കം മൂന്ന് ബംഗ്ലാദേശികളെ തിങ്കളാഴ്ച രാത്രിയാണ് പോലീസ് പിടികൂടിയത്. ആക്രി പെറുക്കി നടക്കുന്ന ഇവര്‍ കഴിഞ്ഞ നവംബറിലാണ് എരൂരില്‍ വീട് വാടകയ്‌ക്കെടുത്തതെന്ന് ഹില്‍പാലസ് പോലീസ് പറഞ്ഞു. ഇവര്‍ ഇന്ത്യയില്‍ എത്തിയിട്ട് എത്ര നാളായെന്ന് അറിവായിട്ടില്ല. ഇതില്‍ സ്ത്രീയും ഒരു പുരുഷനും ഭാര്യാഭര്‍ത്താക്കന്‍മാരാണെന്ന് പറയുന്നു. മൂന്നുപേരെയും പോലീസ് ചോദ്യം ചെയ്തു വരുകയാണ്.
അങ്കമാലിയില്‍ അനധികൃതമായി തങ്ങിയ ബംഗ്ലാദേശ് ജെസോര്‍ സ്വദേശി ഹൊസൈന്‍ ബെലോര്‍ (29) ആണ് പിടിയിലായത്. ഏജന്റിന്റെ സഹായത്തോടെ രണ്ട് ആധാര്‍ കാര്‍ഡുകള്‍ സ്വന്തമാക്കി ഇന്ത്യക്കാരനെന്ന പേരില്‍ കഴിയുകയായിരുന്നു. മൂന്നുമാസം മുന്‍പാണ് യുവാവ് അങ്കമാലിയിലെത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അങ്കമാലിയിലെ താമസസ്ഥലത്തുനിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കാലാവധി കഴിഞ്ഞ ബംഗ്ലാദേശ് പാസ്പോര്‍ട്ട് കണ്ടെടുത്തു.
ബംഗ്ലാദേശ്-ഇന്ത്യ അതിര്‍ത്തിയിലൂടെ ഇയാള്‍ ഷാലിമാറിലെത്തി. അവിടെ കുറച്ചുനാള്‍ താമസിച്ചു. അവിടെ നിന്ന് തീവണ്ടിമാര്‍ഗം ആലുവയിലെത്തി. പിന്നീട് അങ്കമാലിയില്‍ താമസിച്ച് കോണ്‍ക്രീറ്റ് പണി ചെയ്യുകയായിരുന്നു. നേരത്തേ രണ്ടുവട്ടം ഇയാള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. അന്ന് ഏജന്റിന് 5000 രൂപ നല്‍കിയാണ് രണ്ട് ആധാര്‍ കാര്‍ഡുകള്‍ സ്വന്തമാക്കിയത്.
ഇയാള്‍ക്ക് ഇവിടെ സഹായം ചെയ്തുകൊടുത്തവര്‍ നിരീക്ഷണത്തിലാണ്. ഇന്ത്യന്‍ രേഖകള്‍ തയ്യാറാക്കി നല്‍കിയവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച പെരുമ്പാവൂരില്‍ ബംഗ്ലാദേശി യുവതിയായ തസ്ലീമയെ പോലീസ് പിടികൂടിയിരുന്നു. അതിന്റെ തുടരന്വേഷണമാണ് ബംഗ്ലാദേശി യുവാവിലേക്കെത്തിയത്. പരിശോധന വ്യാപകമാക്കിയതായി പോലീസ് പറഞ്ഞു.