തിരുവനന്തപുരം: ഫാര്‍മസിയില്‍നിന്നു വാങ്ങിയ ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന് പരാതി. വിതുര താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നാണ് ഗുളിക വാങ്ങിയത്. മേമല ഉരുളുകുന്ന് സ്വദേശിനി വസന്തയാണ് പരാതി നല്‍കിയത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡോക്ടറുടെ കുറിപ്പടി പ്രകാരം ആശുപത്രി ഫാര്‍മസിയില്‍ നിന്നും വാങ്ങിയ ‘സി- മോക്സ്’ ഗുളികയ്ക്കുള്ളിലായിരുന്നു മൊട്ടു സൂചി കണ്ടെത്തിയത്.
ഗുളികയ്ക്കുള്ളില്‍ മരുന്നില്ലെന്ന് സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് മൊട്ടുസൂചി കണ്ടത്. ക്യാപ്സ്യൂള്‍ നിര്‍മിച്ച കമ്പനിയില്‍ നിന്നും വിശദീകരണം തേടുമെന്ന് ഹെല്‍ത്ത് സര്‍വീസ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ഷിനു അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു.