കൊച്ചി: കെ എസ് ആര്‍ ടി സി ബസിനടിയില്‍ കുടുങ്ങിയ സ്ത്രീയ്ക്ക് ഗുരുതര പരിക്ക്. വൈക്കം സ്വദേശിനി ജീബയ്ക്കാണ് പരിക്കേറ്റത്. കാലിനാണ് ഗുരുതര പരിക്ക്. ജീബ അശുപത്രിയില്‍ ചികിത്സയിലാണ്.
ജീബ കെ എസ് ആര്‍ ടി സി ബസിനടിയില്‍പ്പെട്ടത് കാണാതെ, വണ്ടി 30 മീറ്ററോളം മുന്നോട്ടുപോയിരുന്നു. ഇതോടെയാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, റോഡ് മുറിച്ചു കടക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐയ്ക്ക് കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റു. പത്തനംതിട്ട ക്രൈംബ്രാഞ്ച് എസ് ഐ: നജീബ് (52)നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ നജീബിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ഇലവുങ്കല്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് മുന്നിലായിരുന്നു അപകടം. കാസര്‍കോട് ഡിപ്പോയില്‍ നിന്ന് സ്പെഷ്യല്‍ ഡ്യൂട്ടിയ്ക്കെത്തിച്ച ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് തട്ടിയത്. ചെങ്ങന്നൂരില്‍ നിന്നും യാത്രക്കാരുമായി പമ്പയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ബസ് തട്ടി റോഡരികിലേക്കാണ് എസ് ഐ വീണത്. ഇതിനാല്‍ വലിയ ദുരന്തം ഒഴിവായി.