മലപ്പുറം: കൊണ്ടോട്ടിയില്‍ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസിന്റെ മൃതദേഹം കബറടക്കം നടത്തി. കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദില്‍ രാവിലെ എട്ട് മണിക്കായിരുന്നു കബറടക്കം. നിറത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്ന് നിരന്തരം നേരിട്ട അവഹേളനമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ഏഴ് മാസം മുമ്പാണ് ഷഹാനയും മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദും തമ്മില്‍ വിവാഹം കഴിഞ്ഞത്. ഇന്നലെ രാവിലെയാണ് കൊണ്ടോട്ടിയിലെ വീട്ടില്‍ ഷഹാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊണ്ടോട്ടി ഗവ.കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ഷഹാന. വിവാഹത്തിന് പിന്നാലെ ഭര്‍ത്താവ് നിറത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ നിരന്തരം അപമാനിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. ഭര്‍തൃമാതാവും അവഹേളിച്ചു. ഇതില്‍ മനം നൊന്താണ് ഷഹാന ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് വിദേശത്താണ്.