KeralaNEWS

കേസ് ഒതുക്കാന്‍ പിരിവും ഭീഷണിയും; ഇ.ഡി കൊച്ചി യൂണിറ്റിന്റെ പ്രവര്‍ത്തനം കേന്ദ്ര നിരീക്ഷണത്തില്‍

കൊച്ചി: കള്ളപ്പണ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊച്ചി യൂണിറ്റിന്റെ പ്രവര്‍ത്തനം കേന്ദ്ര ധന മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാക്കി. യൂണിറ്റിലെ ചില ഉദ്യോഗസ്ഥരെ കുറിച്ചു തുടര്‍ച്ചയായി ലഭിച്ച പരാതികളാണു കാരണം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം(പിഎംഎല്‍എ) രജിസ്റ്റര്‍ ചെയ്ത കേസ് ഒതുക്കി തീര്‍ക്കാന്‍ ഇ.ഡി. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ 2 കോടി രൂപ ആവശ്യപ്പെട്ടു സ്ഥിരമായി ഭീഷണിപ്പെടുത്തുന്നു എന്ന കൊല്ലം സ്വദേശി ജയിംസ് ജോര്‍ജിന്റെ പരാതിയില്‍ കേരള പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.

ഇ.ഡി ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തി പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ മോഹനന്‍, കൂട്ടാളി ബിബിന്‍, അനില്‍, റെയില്‍വേ ബോര്‍ഡ് അംഗമെന്നു പരിചയപ്പെടുത്തിയ രാഹുല്‍ എന്നിവരെയാണു സാമ്പത്തിക വഞ്ചനക്കുറ്റത്തിനും ഭീഷണിക്കും പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. പരാതിക്കാരന് എതിരെ 2018ല്‍ റജിസ്റ്റര്‍ ചെയ്ത പിഎംഎല്‍എ കേസിന്റെ പേരില്‍ 2024 ജനുവരി മുതലാണു പ്രതികള്‍ ജയിംസ് ജോര്‍ജിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്.

Signature-ad

കഴിഞ്ഞ മേയ് മാസം 29നു ഇ.ഡി. കൊച്ചി ഓഫിസില്‍ നേരിട്ടു ഹാജരാകാന്‍ കേസിലെ ഒന്നാം പ്രതി മോഹനന്‍ ആവശ്യപ്പെട്ടതായി എഫ്‌ഐആറില്‍ പറയുന്നു. മോഹനന്റെ സ്വകാര്യ ഫോണ്‍ നമ്പര്‍ നല്‍കിയ ശേഷം പുറത്ത് ഒറ്റയ്ക്കു കാണണമെന്ന് ആവശ്യപ്പെട്ടു. അടുത്ത ദിവസം ഫോണില്‍ വിളിച്ച് കേസ് കൈകാര്യം ചെയ്യുന്ന ‘മാഡത്തിന്’ 10 ലക്ഷം രൂപ ഉടനടി കൊടുക്കണമെന്ന് ഒന്നാം പ്രതി ആവശ്യപ്പെട്ടതായാണു മൊഴി. ജൂലൈ 12 നു തിരുവല്ലയിലെ ഹോട്ടലില്‍ എത്താന്‍ ആവശ്യപ്പെട്ടു. അവിടെയെത്തിയപ്പോള്‍ ഇ.ഡി ഉദ്യോഗസ്ഥരെന്നു പരിചയപ്പെടുത്തിയ രണ്ടു പേര്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ബോര്‍ഡ് സ്ഥാപിച്ച കാറിലെത്തി. ഓഗസ്റ്റ് 25 നു മുന്‍പ് 25 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പിഎംഎല്‍എ കേസില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകും എന്നു ഭീഷണിപ്പെടുത്തി.

28നു പ്രതികള്‍ പരാതിക്കാരന്റെ വീട്ടില്‍ നേരിട്ടെത്തി ഫോണില്‍ 100 രൂപ നോട്ടിന്റെ ചിത്രം കാണിച്ച് അതിന്റെ നമ്പര്‍ എഴുതിയെടുക്കാന്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം ഇതേ നോട്ടുമായി കാണാനെത്തുന്നയാള്‍ വശം പണം കൊടുത്തു വിടണമെന്നു നിര്‍ദേശിച്ചു. ‘മോഹന്‍സാറിന്റെ’ നിര്‍ദേശപ്രകാരം നല്‍കേണ്ട തുക ഒരുകോടി അന്‍പതു ലക്ഷമായി കുറച്ചതായും അതില്‍ 25 ലക്ഷം ഉടനെ നല്‍കാനും നിര്‍ദേശിച്ചു.

മൂന്നു മാസത്തിനുള്ളില്‍ അടുത്ത 25 ലക്ഷം രൂപ കൈമാറണം. ശേഷിക്കുന്ന ഒരുകോടി രൂപ ആറു മാസത്തിനുള്ളില്‍ പിഎംഎല്‍എ കേസിലെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ നല്‍കണമെന്നും നിര്‍ദേശിച്ചു.

ഭീഷണിപ്പെടുത്തിയ വിബിന്‍, അനില്‍, രാഹുല്‍ എന്നിവര്‍ ഇ.ഡി. ഉദ്യോഗസ്ഥരല്ലെന്നു സംശയം തോന്നിയതിനെ തുടര്‍ന്നാണു ജയിംസ് ജോര്‍ജ് പൊലീസിനു പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണം നടത്തിയ കേരള പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിനു പരാതിയില്‍ കഴമ്പുള്ളതായി ബോധ്യപ്പെട്ടതോടെ വിവരം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: