കൊച്ചി: ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെ രൂക്ഷപരാമര്‍ശങ്ങളുമായി ഹൈക്കോടതി. വേണ്ടിവന്നാല്‍ ജാമ്യം റദ്ദാക്കാനുമറിയാമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. നാടകം വേണ്ടെന്ന് കോടതി ബോബിയുടെ അഭിഭാഷകരോട് പറഞ്ഞു. മറ്റ് പ്രതികള്‍ക്കുവേണ്ടി ജയിലില്‍ തുടരുമെന്ന് പറയാന്‍ ബോബി ചെമ്മണൂര്‍ ആരാണെന്നും കോടതി ചോദിച്ചു.
ബോബി സൂപ്പര്‍ കോടതി ചമയേണ്ട. തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം. പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണനടത്താനും കോടതിക്കറിയാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.
നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണൂര്‍ ജയില്‍ മോചിതനായി. രാവിലെ 9.50 ഓടെയാണ് ബോബി കാക്കനാട് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ജാമ്യം കിട്ടിയിട്ടും ബോബി ജയിലില്‍ തുടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി കേസ് വീണ്ടും വിളിപ്പിച്ചതോടെയാണ് രാവിലെ തന്നെ ബോബിയെ പുറത്തിറക്കിയത്.
ഇന്നലെ പുറത്തിറങ്ങാതിരുന്നത് സഹതടവുകാരെ സഹായിക്കാനായിരുന്നെന്നാണ് ബോബി പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ജയിലിനകത്ത് പത്തിരുപത്താറോളം പേര്‍ ജാമ്യം കിട്ടിയിട്ടും 5000മോ, പതിനായിരമോ ഇല്ലാത്തതുകൊണ്ട് വിഷമിക്കുന്നവരാണ്. അവര്‍ എന്റെയടുത്ത് വന്നപ്പോള്‍ പരിഹരിക്കാമെന്ന് പറഞ്ഞു. അതിനുവേണ്ടിയുള്ള സമയത്തിന് വേണ്ടി ഒരു ദിവസം കൂടി ജയിലില്‍ നിന്നു എന്നേയുള്ളൂവെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു.
ജയിലില്‍ നിന്നും ഇറങ്ങാതിരുന്നത് കോടതിയലക്ഷ്യമല്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, കോടതി അലക്ഷ്യമല്ലെന്നായിരുന്നു മറുപടി. കടലാസ് ഇന്നാണ് കിട്ടിയതെന്നാണ് അധികൃതര്‍ പറഞ്ഞത് എന്നും ബോബി ചെമ്മണൂര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ ഇറങ്ങാതിരുന്നതല്ലേ എന്ന ചോദ്യത്തോട്, ഇറങ്ങണ്ടാന്ന് തീരുമാനിച്ചിട്ടില്ല എന്നും പറഞ്ഞു.
അതേസമയം, കാക്കനാട് ജയിലിന് പുറത്ത് ബോബിയുടെ അനുയായികള്‍ നടത്തിയ പരാമര്‍ശങ്ങളിലും കോടതിക്ക് കടുത്ത അതൃപ്തിയുള്ളതായാണ് സൂചന.