CrimeNEWS

മാമി തിരോധാനക്കേസില്‍ ദുരൂഹതയേറുന്നു; ഡ്രൈവറെയും ഭാര്യയെയും കാണാനില്ല

കോഴിക്കോട്: കാണാതായ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാനില്ലെന്ന് പരാതി. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇരുവരെയും കാണാതാകുന്നത്. മാമി തിരോധനത്തെ പറ്റി രജിത്തിനറിയാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

മാമിയെ കാണാതായ സ്ഥലത്തെ ടവര്‍ ലൊക്കേഷനില്‍ രജിതും ആ സമയത്തുണ്ടായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയിരുന്നു. രജിത്തും ഭാര്യയും ഹോട്ടലില്‍ നിന്ന് ചെക്കൗട്ട് ചെയ്യുന്ന സിസി ടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

Signature-ad

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ടൂറിസ്റ്റ് ഹോമില്‍നിന്ന് മുറി ഒഴിഞ്ഞ ശേഷം ഇരുവരും വീട്ടില്‍ എത്തിയില്ലെന്നാണ് പരാതി. തുഷാരയുടെ സഹോദരനാണ് നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. ഇരുവരുടേയും ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്.
രജിത്തും ഭാര്യയും കുറച്ചുനാളായി എലത്തൂരിലെ വീട് ഒഴിവാക്കി കോഴിക്കോട് മാവൂര്‍ റോഡിലെ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം.

ഇന്നലെ രാവിലെ ഒമ്പത് മണിക്ക് ഇവിടെനിന്ന് റൂം വെക്കേറ്റ് ചെയ്ത് പുറത്തുപോകുകയായിരുന്നു. എന്നാല്‍ പിന്നീട് ഇവരെക്കുറിച്ച് വിവരമുണ്ടായില്ല. ഇതോടെയാണ് വൈകിട്ട് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇരുവരും ഒരു ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഓട്ടോറിക്ഷ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

2023 ഓഗസ്ത് 22നാണ് വീട്ടില്‍നിന്ന് ഇറങ്ങിയ മാമിയെ കാണാതാകുന്നത്. അത്തോളി തലക്കളത്തൂരിലാണ് അവസാനത്തെ ലൊക്കേഷന്‍ കണ്ടെത്തിയത്. ഇതിനു ശേഷം ഫോണില്‍ ബന്ധപ്പെടാനായിരുന്നില്ല. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. കേസില്‍ ഇതുവരെ 180 ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Back to top button
error: