അവിഹിത ബന്ധമെന്ന സംശയത്തിൻ്റെ പേരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്. തുടർന്ന്, തടസം പിടിക്കാനെത്തിയ മകളേയും അനന്തരവളേയും കൊലപ്പെടുത്തിയ ശേഷം രക്തം പുരണ്ട വടിവാളുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി 42കാരൻ. ബെംഗളൂരുവിലെ ജാലഹള്ളിയിലാണ് സംഭവം. ഇന്നലെ(ബുധൻ)യാണ് രക്തം ഇറ്റുവീഴുന്ന വടിവാളുമായി ഹോം ഗാർഡായി ജോലി ചെയ്തിരുന്ന ഗംഗാ രാജു താൻ ജോലി ചെയ്യുന്ന ഹൈബ്ബാഗോഡി പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഭാര്യ ഭാഗ്യ(36), മകള്‍ നവ്യ(19), അനന്തരവള്‍ ഹേമാവതി(23) എന്നിവരെ കഴുത്തറുത്ത് കൊലപ്പെടുത്തി എന്നാണ് ഇയാള്‍ പൊലീസിനോട് വിശദമാക്കിയത്.
പൊലീസ് ഇയാളുടെ വീട്ടിലെത്തിയപ്പോഴേയ്ക്കും മൂന്ന് യുവതികളും മരിച്ചിരുന്നു.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഭാഗ്യയുടെ സഹോദരിയുടെ മകളായ ഹേമാവതി ഗംഗാ രാജുവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. നിരവധി തവണ മർദ്ദിച്ചതിന് പിന്നാലെയാണ് ഇവരെ 42കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ജാലഹള്ളി ക്രോസിലുള്ള വീട്ടിന്റെ തറയിലാണ് മൂന്ന് മൃതദേഹങ്ങളും കിടന്നിരുന്നത്. കഴിഞ്ഞ 6 വർഷമായി ഈ വാടക വീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ഭാര്യയെ മികച്ച രീതിയില്‍ സംരക്ഷിച്ചതിന് ശേഷവും മറ്റൊരാളുമായി അവർ ബന്ധം പുലർത്തിയെന്നാണ് ഗംഗാ രാജു ആരോപിക്കുന്നത്. ഭാര്യയെ ചോദ്യം ചെയ്യുന്നതിനിടെ അടിച്ചത് ചോദ്യം ചെയ്ത മകളും അനന്തരവളും തെറ്റ് തന്റെ ഭാഗത്താണെന്ന് പറഞ്ഞ് ഭാര്യയെ ന്യായീകരിച്ചതോടെയാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് ഗംഗാ രാജു പൊലീസിനോടു പറഞ്ഞത്.
സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പ്രകോപനം സൃഷ്ടിച്ച കാര്യമെന്തെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായാണ് പൊലീസ് വിശദമാക്കി.