KeralaNEWS

മലയാളികളുടെ ഹൃദയസ്വരം: ഭാവഗായകൻ പി.ജയചന്ദ്രൻ വിട പറഞ്ഞു

   ആറു പതിറ്റാണ്ട് മലയാളികളുടെ ഹൃദയസ്വരമായിരുന്ന പി.ജയചന്ദ്രൻ (80) വിട വാങ്ങി. അമല ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. മലയാള ചലച്ചിത്രഗാനശാഖയിലെ ഒട്ടേറെ മികച്ച ഗാനങ്ങൾ പാടിയിട്ടുള്ള ജയചന്ദ്രന്റെ ആലാപനത്തിൽ പ്രണയവും വിരഹവും ഭക്തിയുമൊക്കെ ഉജ്വലമായ ഭാവപൂർണതയോടെ തെളിഞ്ഞു. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും നേടിയിട്ടുണ്ട്.

കേരള സർക്കാരിന്റെ ജെ.സി ഡാനിയൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ദിനനാഥൻ ഗായകനാണ്.

Signature-ad

തൃപ്പൂണിത്തുറ കോവിലകത്തെ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാർച്ച് മൂന്നിന് എറണാകുളത്താണ് ജയചന്ദ്രൻ ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുട പാലിയത്തേക്കു താമസം മാറി. കുട്ടിക്കാലത്ത് കുറച്ചുകാലം ചെണ്ടയും പിന്നീട് മൃദംഗവും പഠിച്ചു. സംഗീത പ്രേമിയും ഗായകനുമായിരുന്ന പിതാവിൽ നിന്നാണ് സംഗീതത്തോടുള്ള താൽ‌പര്യം ജനിച്ചത്. സ്കൂളിലും വീടിനു സമീപത്തെ ക്രിസ്ത്യൻ പള്ളിയിലും ജയചന്ദ്രൻ പതിവായി പാടിയിരുന്നു.

ചേന്ദമംഗലത്തെ പാലിയം സ്കൂൾ, ആലുവ സെൻറ് മേരീസ് ഹൈസ്കൂൾ, ഇരിങ്ങാലക്കുട നാഷനൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1858 ൽ ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ജയചന്ദ്രന് മൃദംഗത്തിൽ ഒന്നാംസ്ഥാനവും ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും യേശുദാസ് ആയിരുന്നു ഒന്നാമത്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽനിന്ന് സുവോളജിയിൽ ബിരുദം നേടിയ ശേഷം മദ്രാസിൽ ഒരു സ്വകാര്യ കമ്പനിയിൽ‌ ജോലിക്കു കയറി. ചെന്നൈയിൽ ഒരു ഗാനമേളയിൽ ജയചന്ദ്രന്റെ പാട്ടു കേട്ട ശോഭന പരമേശ്വരൻ നായരും എ. വിൻസെന്റും അദ്ദേഹത്തെ സിനിമയിൽ പാടാൻ ക്ഷണിച്ചു. അങ്ങനെ 1965 ൽ ‘കുഞ്ഞാലിമരയ്ക്കാ’റിൽ പി.ഭാസ്കരൻ എഴുതി ചിദംബരനാഥ് സംഗീതം നൽകിയ ‘ഒരു മുല്ലപ്പൂമാലയുമായി’ എന്ന ഗാനം ആലപിച്ചു. ആ ചിത്രത്തിന്റെ റിലീസ് വൈകിയെങ്കിലും പാട്ടു കേട്ട ജി.ദേവരാജൻ കളിത്തോഴൻ എന്ന ചിത്രത്തിൽ അവസരം നൽകി. ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന, മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായിരുന്നു അത്. ആ പാട്ടാണ് ജയചന്ദ്രൻ പാടി പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രഗാനം. പിന്നീട് ജയചന്ദ്രൻ ജോലി വിട്ട് സംഗീതരംഗത്തേയ്ക്കു വന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: