KeralaNEWS

പി ജയചന്ദ്രന് സ്വന്തം പാട്ടിനെക്കാൾ ഇഷ്ടപ്പെട്ടത് യേശുദാസിൻ്റെ ഗാനം: ആ പാട്ടു കേൾക്കാൻ വേണ്ടി മാത്രം 27 തവണ തീയേറ്ററിൽ പോയി

   പാട്ടിന്റെ ഋതുഭേദങ്ങള്‍ സമ്മാനിച്ച ഭാവഗായകൻ പി ജയചന്ദ്രന്‍ ഓര്‍മ്മയായി. മലയാള ചലച്ചിത്രഗാന രംഗത്തെ അപൂർവ പ്രതിഭയായ അദ്ദേഹം സ്വന്തം അഭിമുഖങ്ങളിൽ കൊലവെറി, ഡപ്പാംകൂത്ത് പാട്ടുകളെ രൂക്ഷമായി വിമർശിക്കുകയും നല്ല പാട്ടുകളെ പുകഴ്ത്തുകയും ചെയ്തിരുന്നു. യേശുദാസ് – രവീന്ദ്രൻ മാസ്റ്റർ കൂട്ടുകെട്ടിലിറങ്ങിയ ചില സൂപ്പർ ഹിറ്റു പാട്ടുകളെപ്പോലും അദ്ദേഹം ഭിത്തിയിലൊട്ടിച്ചിട്ടുണ്ട്. എന്നാൽ തൻ്റെ പാട്ടുകളെക്കാൾ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത് ദാസേട്ടൻ വയലാർ – ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ടിൽ ചില പാടിയ പാട്ടുകളാണ്.

ഈ ശ്രേണിയിൽ പുറത്തുവന്ന സുവർണ ഗാനങ്ങളെ കുറിച്ചു ആരാധനയോടെയാണ് അദ്ദേഹം സംസാരിച്ചാരുന്നത്. 1964ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കി എ.വിന്‍സെന്‍റ് സംവിധാനം ചെയ്ത ഭാര്‍ഗവീ നിലയം ഇത്തരത്തിൽ ജയചന്ദ്രന് പ്രിയപ്പെട്ട ഒന്നാണ്. അതില്‍ ബിംബ്ലാസി രാഗത്തിലുള്ള ‘താമസമെന്തേ വരുവാന്‍’ എന്ന ഗാനമാണ് പി ജയചന്ദ്രന് ഏറ്റവും ഇഷ്ടപ്പെട്ട യേശുദാസ് ഗാനം.

Signature-ad

ഇതിനപ്പുറം ഒരു പാട്ടില്ല എന്ന വിശ്വസിക്കാനാണ് ജയചന്ദ്രന് ഇഷ്ടം. ഈ പാട്ട് കേള്‍ക്കാന്‍ വേണ്ടി, ‘ഭാര്‍ഗവീ നിലയം’ കാണാന്‍ ഇരിങ്ങാലക്കുട കോന്നി തിയേറ്ററില്‍ 27 തവണ പോയിട്ടുണ്ട് അദ്ദേഹം. യക്ഷിയുടെ കഥയാണ് ഭാര്‍ഗ്ഗവീ നിലയം. നീണ്ട കണ്ണുകളും ചുരുണ്ട അളകങ്ങളും വെള്ളവസ്ത്രവുമായി എല്ലാ ദിവസവും ഒരു യക്ഷി എഴുത്തുകാരന്റെ അടുത്ത് വരാറുണ്ടായിരുന്നു. ഒരു ദിവസം അവള്‍ വന്നില്ല. ഈ പശ്ചാത്തലം ആസ്പദമാക്കി ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഗാനത്തിനപ്പുറത്ത് മറ്റൊന്ന് പിറവിയെടുത്തില്ല എന്നായിരുന്നു പി.ജയചന്ദ്രൻ്റെ അഭിപ്രായം.

മലയാളികൾ നെഞ്ചൊട് ചേർത്ത ഒരു പിടി ഗാനങ്ങൾ സമ്മാനിച്ചാണ് ഭാവഗായകനായ ജയചന്ദ്രൻ വിട പറഞ്ഞത്. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത ഒരു ഗായകന് വേണ്ടി തെന്നിന്ത്യ മുഴുവൻ കാത്തുനിന്ന ഒരു കാലവും പി ജയചന്ദ്രന് മാത്രം സ്വന്തമാണ്. മുൻശുണ്ഠിയും തുറന്നടിച്ച അഭിപ്രായപ്രകടനങ്ങളും തലയെടുപ്പും ഒട്ടേറെ അവസരങ്ങൾ അദ്ദേഹത്തിന് നഷ്ടപ്പെടുത്തി എങ്കിലും പാടിയ പാട്ടുകൾ മധുരതരമാക്കിയാണ് അദ്ദേഹം വിട പറഞ്ഞത്. ഗായകർ ഒരുപാട് പേർ ഇനിയും വന്നു പോകും. എന്നാൽ മലയാളിയുടെ മനസിൽ ഒരേയൊരു ഭാവഗായകൻ മാത്രമേയുള്ളു. അതാണ് പി ജയചന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: