ദോഹ: മലയാളിയായ യുവ എഞ്ചിനീയറെ ഖത്തറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം പള്ളിനട സ്വദേശി റയീസ് നജീബ് (21) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചത്. ഖത്തര്‍ ഇസ്ലാമിക് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന നജീബ് ഹനീഫയുടെയും ഖത്തര്‍ എനര്‍ജിയില്‍ ജോലി ചെയ്യുന്ന ഷഹീന നജീബിന്റെയും മകനാണ് റയീസ്.
യുകെയില്‍ നിന്നും എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം ദോഹയില്‍ തിരിച്ചെത്തിയ റയീസിന് ദുബായിലെ ഒരു കമ്പനിയില്‍ നിന്നും ജോലിക്കായി ഓഫര്‍ ലെറ്റര്‍ ലഭിച്ചിരുന്നു. ഇത് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് റയീസിന്റെ മരണം സംഭവിക്കുന്നത്. സഹോദരന്‍ – ഫായിസ് നജീബ്, സഹോദരി – റൗദാ നജീബ്. കുടുംബം ഖത്തറിലാണ് താമസം.
പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തകനാണ് റയീസിന്റെ പിതാവ് നജീബ് ഹനീഫ. പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീര്‍ ഹനീഫ പിതൃ സഹോദരനാണ്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെല്‍ഫെയര്‍ റിപ്രാടിയേഷന്‍ വിംഗ് അറിയിച്ചു. റയീസ് നജീബിന്റെ നിര്യാണത്തില്‍ പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ അനുശോചനം രേഖപ്പെടുത്തി.