തിരുവനന്തപുരം: ആര്‍എസ്എസിലൂടെ വളര്‍ന്നു വന്ന നേതാവാണ് കേരളത്തിന്റെ പുതിയ ഗവര്‍ണറായി നിയമിതനായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍. ബിഹാര്‍ ഗവര്‍ണര്‍ പദവിയില്‍ നിന്നാണ് 70 കാരനായ ആര്‍ലേകര്‍ കേരളത്തിന്റെ ഗവര്‍ണറായെത്തുന്നത്. ബാല്യകാലം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് ആര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി കേന്ദ്രനേതൃത്വവുമായും അടുത്ത ബന്ധമുള്ള ആര്‍ലേകര്‍ കറകളഞ്ഞ ആര്‍എസ്എസ്സുകാരനാണ്. സംഗീതാസ്വാദകനായ ആര്‍ലേകര്‍, സൗമ്യമായ വ്യക്തിത്വത്തിനുടമയാണ്. ഗോവയില്‍ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ തിളങ്ങിയിരുന്നു. ആര്‍ലേകര്‍ സ്പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്.
2014ല്‍ മനോഹര്‍ പരീക്കര്‍ കേന്ദ്രമന്ത്രിസഭയില്‍ പ്രതിരോധവകുപ്പ് മന്ത്രിയായപ്പോള്‍ ആര്‍ലേകറിനെ ഗോവ മുഖ്യമന്ത്രിയായി പരിഗണിച്ചിരുന്നു. എന്നാല്‍ ലക്ഷ്മികാന്ത് പര്‍സേക്കറിനെയാണ് മുഖ്യമന്ത്രിയാക്കിയത്. 2015ലെ ഗോവ മന്ത്രിസഭാ പുനഃസംഘടനയില്‍ ആര്‍ലേക്കര്‍ വനം പരിസ്ഥിതി മന്ത്രിയായി. ഗോവ ബിജെപി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗോവ വ്യവസായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, ഗോവ പട്ടിക ജാതി മറ്റു പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, ബിജെപി ഗോവ യൂനിറ്റിന്റെ ജനറല്‍ സെക്രട്ടറി, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.