പത്തനംതിട്ട: തിരുവല്ലയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം. കുമ്പനാട് എക്സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു.
പത്തിലധികം വരുന്ന അക്രമി സംഘം അകാരണമായാണ് ആക്രമിച്ചതെന്നാണ് കരോള്‍ സംഘം പറയുന്നത്. ആക്രമണത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്നും കരോള്‍ സംഘം ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 1.30നായരുന്നു സംഭവം. അവസാന വീട് സന്ദര്‍ശിക്കാനൊരുങ്ങുന്നതിനിടെയാണ് ഒരു സംഘം ആക്രമണം നടത്തിയതെന്നാണ് പരാതി. സ്ത്രീകള്‍ക്കും പാസ്റ്റര്‍ അടക്കമുള്ളവര്‍ക്കും പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങിയെന്നാണ് വിവരം. പരിക്കുകള്‍ ഗുരുതരമല്ല.
അതേസമയം, വാഹനത്തിന് കടന്നുപോകാന്‍ ആവശ്യമായ സ്ഥലം കൊടുക്കാതിരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും രാഷ്ട്രീയമല്ല കാരണമെന്നും കൊയ്പ്പുറം പൊലീസ് വ്യക്തമാക്കി.