കേരളത്തിന്റെ പുതിയ ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകറെ നിയമിച്ചു. ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്ക് മാറ്റി. നിലവിൽ ബിഹാർ ഗവർണറാണ് രാജേന്ദ്ര വിശ്വനാഥ് അർലേറെ. രാഷ്ട്രപതി ഭവനാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 2019 സെപ്റ്റംബർ 6ന് കേരള ഗവർണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന്, രണ്ടു പിണറായി സർക്കാരുകളുടെ കാലത്തായി 5 വർഷവും സർക്കാരുമായി കടുത്ത പോരാട്ടത്തിലായിരുന്നു.
ബില്ലുകൾ തടഞ്ഞുവച്ച് സർക്കാരിനെ ദുർബലപ്പെടുത്താനും സർവകലാശാലകളെ കാവിവൽക്കരിക്കാനും നിരന്തരം ശമിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയത്. കാലാവധി പൂർത്തിയായ ആരിഫ് മുഹമ്മദ്ഖാൻ പുതിയ ഗവർണറെ നിയമിക്കാത്ത പശ്ചാത്തലത്തിൽ സ്ഥാനത്ത് തുടരുകയായിരുന്നു.
പുതിയ ഗവർണറും കടുത്ത ആർഎസ്എസുകാരനാണ്. പനാജിയിൽ1954ൽ ജനിച്ച അർലേക്കർ കുട്ടിക്കാലത്തുതന്നെ ആർഎസ്എസിൽ ചേർന്നു. 1980ൽ ബിജെപി പ്രവർത്തകനായി. നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം- പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗോവ നിയമസഭയെ ഇന്ത്യയിലെ ആദ്യ പേപ്പർ രഹിത നിയമസഭയാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ചത് ആർലെകറാണ്. 2015ൽ വനം പരിസ്ഥിതി മന്ത്രിയായും ചുമതലയേറ്റ അദ്ദേഹം നിയമസഭാ സ്പീക്കർ സ്ഥാനവും വഹിച്ചു. സത്യഗ്രഹമല്ല ആയുധങ്ങളാണ് ബ്രിട്ടീഷുകാരെ ഇന്ത്യയിൽനിന്ന് തുരത്തിയതെന്ന് കഴിഞ്ഞ ദിവസം അർലേക്കർ പ്രതികരിച്ചിരുന്നു. അർലേക്കറിന്റെ പരാമർശം മഹാത്മാ ഗാന്ധിയെ അവഹേളിക്കുന്നതാണെന്ന വിമർശം ശക്തമായി ഉയർന്നിരുന്നു. ബിഹാർ വിദ്യാഭ്യാസ വകുപ്പിലെയും സർവകലാശാലകളിലെയും ഇടപെടലുകളിൽ ഗവർണറും സർക്കാരും തമ്മിൽ കൊമ്പുകോർത്തിരുന്നു. നേരത്തെ ഹിമാചൽ പ്രദേശിലും ഗവർണറായിരുന്നു.
ഇതു കൂടാതെ ഒഡീഷ ഗവർണർ രഘുബർദാസിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. മിസോറാം ഗവർണറായിരുന്ന ഹരിബാബു കമ്പംപാട്ടിയെ ഒഡീഷയിലും ജനറൽ വി കെ സിങ്ങിനെ മിസോറാമിലും മുൻ ആഭ്യന്തതര സെക്രട്ടറി അജയ്കുമാർ ഭല്ലയെ മണിപ്പൂരിലും ഗവർണർമാരായി നിയമിച്ചു.