കലികയറിയ കാട്ടാനയുടെ വിളയാട്ടത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കോതമംഗലത്തിനു സമീപം കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി എന്ന സ്ഥലത്താണ് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നത്. കോടിയാട്ട് വർഗീസിന്റെ മകൻ എൽദോസ് (40) ആണ് മരിച്ചത്. സംഭവസ്ഥലത്ത് നിന്നും മൃതദേഹം മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.
ബസിറങ്ങി വീട്ടിലേക്ക് നടന്നപ്പോഴാണ് എൽദോസിനെ ആന ആക്രമിച്ചത്. ഛിന്നഭിന്നമായ നിലയിലാണ് എൽദോസിന്റെ മൃതദേഹം കണ്ടെത്തിയത്. എൽദോസിന് ഒപ്പമുണ്ടായ ആൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇയാളാണ് നാട്ടുകാരെയും വനംവകുപ്പിനെയും വിവരം അറിയിച്ചത്. ആക്രമണത്തിന് ശേഷം ആന തിരികെ കാട്ടിലേക്ക് പോയതായാണ് സൂചന. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. മൃതദേഹം കൊണ്ടുപോകാനായി എത്തിയ ആംബുലൻസ് തിരിച്ചയച്ചു. കൂലിപ്പണിക്കാരനാണ് എൽദോസ്.
സംഭവസ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ ദൂരെയാണ് എൽദോസിന്റെ വീട്. പാതയിൽ വഴിവിളക്ക് ഉണ്ടായിരുന്നില്ല.
വനാതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് വേലി സ്ഥാപിക്കണമെന്ന് നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യമാണ്. എന്നാൽ ഇതുവരെ നടപടിയുണ്ടായില്ല. കുട്ടമ്പുഴ പഞ്ചായത്തിൽ ഉൾപ്പെട്ട വനാതിർത്തിയോട് ചേർന്നുള്ള ഈ പ്രദേശത്ത് അറുപതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ജനപ്രതിനിധികളടക്കമുള്ളവർ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.