പത്തനംതിട്ട: കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവദമ്പതികളടക്കം നാലു പേര്‍ മരിച്ച സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. അനുവിന്റെയും നിഖിലിന്റെയും വിവാഹം നടന്നിട്ട് 15 ദിവസങ്ങള്‍ മാത്രമാണ് ആയിരുന്നത്. മലേഷ്യയിലെ ഹണിമൂണ്‍ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ നവദമ്പതികളെ ഇരുവരുടേയും രക്ഷിതാക്കള്‍ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
ഒന്നിച്ചു ജീവിച്ച് തുടങ്ങും മുമ്പേ മരണത്തിന് കീഴടങ്ങിയ നവദമ്പതികളുടെ വിവാഹ ക്ഷണക്കത്തും രക്തത്തിന്റെയും പൊട്ടിയ ?ഗ്ലാസ് കഷണങ്ങള്‍ക്കുമിടയില്‍ തകര്‍ന്ന കാറിനുള്ളില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ അനു ഒഴികെ മറ്റ് മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
മുറിഞ്ഞകല്ല് ജംഗ്ഷന് സമീപത്തുള്ള ഗുരുമന്ദിരത്തിന് തൊട്ട് മുന്നില്‍ വച്ചാണ് അപകടം ഉണ്ടായത്. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. അനുവിനെ കാറില്‍ നിന്നും പുറത്തെടുക്കുന്നതിനിടെ ജീവനുണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആളുകള്‍ പറഞ്ഞിരുന്നു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് അനുവിന്റെ മരണം സ്ഥിരീകരിച്ചത്.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം നടക്കുന്നത്. ശബ്ദം കേട്ട് പുറത്തെത്തിയ നാട്ടുകാരാണ് ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായതായി കണ്ടത്. പിന്നാലെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പോലീസും അഗ്‌നിശമന സേനയും സംഭവസ്ഥലത്തെത്തിയിരുന്നു. നിയന്ത്രണം വിട്ട കാര്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തത്. മാരുതി സ്വിഫ്റ്റ് ഡിസൈര്‍ കാറും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസുമാണ് അപകടത്തില്‍പ്പെട്ടത്.