കോതമംഗലം: കുട്ടമ്പുഴ, നീണ്ടപാറ പ്രദേശങ്ങളിലായി കാട്ടാനയുടെ ആക്രമനത്തിൽ 2 ദിവസത്തിടെ കൊല്ലപ്പെടത് 2 പേർ. കാട്ടാന തള്ളിയിട്ട പനമരം വീണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി സി.വി ആന്മേരി മരിച്ചത് ശനിയാഴ്ച. പിന്നാലെ ഇന്നലെ രാത്രി കുട്ടമ്പുഴയ്ക്കടുത്ത് ഉരുളന്‍തണ്ണിയിൽ കോടിയാട്ട് എൽദോസ് വർഗീസ് (45) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
വനമേഖലയിലൂടെ ബൈക്കില്‍ വരുമ്പോഴാണ് ചെമ്പൻകുഴിയിൽ വച്ച് കാട്ടാന പിഴുതിട്ട പനമരം ശരീരത്തില്‍ പതിച്ചു ആന്മേരി മരിച്ചത്. ബൈക്കോടിച്ചിരുന്ന കൂട്ടുകാരനായ മുല്ലശേരി സ്വദേശി അൽത്താഫ് അബൂബക്കർ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോതമംഗലം എം.എ കോളജിലെ വിദ്യാർത്ഥികളായ ഇരുവരും ഇടുക്കിയിൽ നിന്ന് മടങ്ങി വരുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്.
ഈ മേഖലയിൽ വൈദ്യുത വേലി സ്ഥാപിക്കുമെന്ന വാഗ്ദാനം വനംവകുപ്പ് പാലിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഫെന്‍സിങ്ങ് സ്ഥാപിക്കുന്നത് വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് വകുപ്പ് നഗരമ്പാറ ഓഫിസിന് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു.
ആന്‍മേരിയ മരിച്ചതിൻ്റെ നടുക്കം മാറും മുൻപാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളന്‍തണ്ണിയിൽ കോടിയാട്ട് എൽദോസ് വർഗീസ് തിങ്കളാഴ്ച രാത്രി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എൽദോസ്, രാത്രി എട്ടരയോടെ കെഎസ്ആർടിസി ബസിലെത്തി വീട്ടിലേക്ക് നടന്നുപോകുന്ന വഴിയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വീട്ടിൽനിന്നു കേവലം ഒരു കിലോമീറ്റർ അകലെയാണ് ആക്രമണം ഉണ്ടായത്.
ഇതുവഴി വന്ന ഓട്ടോറിക്ഷക്കാരനാണ് മൃതദേഹം കണ്ടതും നാട്ടുകാരെ അറിയിച്ചതും. ശരീരം ഛിന്നഭിന്നമായ നിലയിലായിരുന്നു. എൽദോസിനെ അടുത്തുള്ള മരത്തിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ ഈ പ്രദേശമെല്ലാം സന്ധ്യയായാൽ ഇരുട്ടാണ്. ആന വഴിയിൽ പതുങ്ങി നിന്നാലും അറിയില്ല. ആനയുടെ സാമീപ്യം അറിയാതെ ചെന്ന എൽദോസിനെ ആന ആക്രമിക്കുകയായിരുന്നു .
ഇനിയും ഇത് സഹിക്കാൻ പറ്റില്ലെന്നും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധം തുടരുകയാണ്. സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതരെ നാട്ടുകാർ തടഞ്ഞു. പഞ്ചായത്ത് അധികൃതരടക്കം സ്ഥലത്തുണ്ട്. എറണാകുളം ജില്ലാ കലക്ടർ സ്ഥലത്തെത്താതെ മൃതദേഹം വിട്ടുതരില്ലെന്ന നിലപാടിലായിരുന്നു ആദ്യം നാട്ടുകാര്‍.
കാട്ടാന ആക്രമണം ഉണ്ടായ ഉരുളംതണ്ണിയിൽ ഒരു വർഷം മുൻപ് ആദിവാസിയായ ഒരാളെ ആന ചവിട്ടിക്കൊന്നിരുന്നു. ഇതിന്റെ തൊട്ടടുത്തുള്ള അട്ടിക്കളത്തുള്ള മൂന്നു സ്ത്രീകളാണ് അടുത്തിടെ പശുവിനെ അന്വേഷിച്ച് വനത്തിനകത്തു പോയി ആനപ്പേടിയിൽ കുടുങ്ങിയതും പിന്നീട് രക്ഷപ്പെടുത്തിയതും. ഇവർ താമസിക്കുന്ന അട്ടിക്കളത്തും ആനയുടെ ശല്യം രൂക്ഷമാണ്. കോതമംഗലം താലൂക്കിലെ കോട്ടപ്പടി, പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ, കവളങ്ങാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ആനയ്ക്ക് പുറമെ മറ്റു വന്യമൃഗങ്ങളുടേയും ശല്യം ഇവിടെ രൂക്ഷമാണ്.