കണ്ണൂര്‍: മാടായി കോളജിലെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദം പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിയതോടെ എം.കെ. രാഘവന്‍ എം.പിയും കണ്ണൂര്‍ കോണ്‍ഗ്രസും തമ്മിലുള്ള പോര് അയവില്ലാതെ തുടരുന്നു.
എം.കെ രാഘവന് മാപ്പില്ലെന്നും ഒറ്റുകാരനെന്നും ആരോപിച്ച് എംപിക്കെതിരെ പയ്യന്നൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.പയ്യന്നൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് മതിലിലാണ് പോസ്റ്ററുകള്‍ . ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ ഗാന്ധിമന്ദിരം മറ്റൊരു താഴിട്ട് പൂട്ടുകയും ചെയ്തു. അതേസമയം ഇരുവിഭാഗങ്ങളുടെയും നിലപാടറിഞ്ഞ് പ്രശ്‌നം പരിഹരിക്കാന്‍ കെ.പി.സി സി നിയോഗിച്ച മൂന്നംഗ സമിതി ഇന്ന് കണ്ണൂരിലെത്തുമെന്നാണ് വിവരം.
രാഘവന്‍ അനുകൂലികളായ എ ഗ്രൂപ്പ് പ്രവര്‍ത്തകരും പ്രതിഷേധിച്ചതിനു നടപടി നേരിട്ട കോണ്‍ഗ്രസ് നേതാക്കളും പഴയങ്ങാടിയില്‍ തെരുവില്‍ ഏറ്റുമുട്ടിയത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമായിട്ടുണ്ട്. മാടായി കോളേജിലെ നിയമനം പുന:പരിശോധിക്കാന്‍ സാദ്ധ്യതയില്ലെന്നിരിക്കെ പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ എന്ത് ഫോര്‍മുലയുണ്ടാകുമെന്നാണ് അറിയേണ്ടത്. രാഘവനെ എതിര്‍ത്തതിനു പാര്‍ട്ടി നടപടി നേരിട്ടവരോട് മുതിര്‍ന്ന നേതാക്കള്‍ സംസാരിക്കുമെന്നാണ് വിവരം. മാടായി കോളേജ് വിഷയം സംഘടനാ പ്രതിസന്ധിയായതോടെയാണ് കെ.പി.സി സി ഇടപെടല്‍.