കൊച്ചി: തിരുവനന്തപുരത്തെ വഞ്ചിയൂരില്‍ സി.പി.എം. പാളയം ഏരിയാസമ്മേളനത്തിനായി റോഡ് തടസ്സപ്പെടുത്തി വേദി കെട്ടിയതില്‍ സ്റ്റേജിലുണ്ടായിരുന്ന നേതാക്കളുടെപേരില്‍ കേസെടുക്കാത്തതെന്തുകൊണ്ടെന്ന് ഹൈക്കോടതി. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് എസ്. മുരളീകൃഷ്ണയും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് ഇക്കാര്യത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടി.
ഗതാഗതതടസ്സം നോട്ടീസില്ലാതെ പൊളിച്ചുനീക്കാന്‍ അധികാരമുള്ള തിരുവനന്തപുരം കോര്പ്പറേഷന് അനങ്ങാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. മൈക്ക് ഓപ്പറേറ്റര്‍ക്കെതിരേ മാത്രം കേസെടുത്ത നടപടിയെയും വിമര്‍ശിച്ചു. സ്റ്റേജിലുണ്ടായിരുന്നവരുടെ പേരുവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ വഞ്ചിയൂര്‍ എസ്.എച്ച്.ഒ.യോട് നിര്‍ദേശിച്ചു.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനായിരുന്നു ഉദ്ഘാടകന്‍.