ന്യൂഡല്‍ഹി: മാടായി കോഓപറേറ്റിവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് നിയമന വിവാദവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി എം.കെ രാഘവന്‍ എം.പി. തനിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിഎസ്സി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിയമനം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോളജില്‍ നാല് അനധ്യാപക തസ്തികകള്‍ നിയമം നടക്കാതെ ഒഴിഞ്ഞുകിടക്കുകയയിരുന്നു. ഇന്റര്‍വ്യൂ നടത്തിയത് താനല്ല, ജോയിന്റ് സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനാണ്. മൊത്തം 81 അപേക്ഷകളാണ് ലഭിച്ചത്. ഓഫിസ് അസിസ്റ്റന്റ് തസ്തികയില്‍ രണ്ട് ഒഴിവാണ് ഉണ്ടായിരുന്നത്. ഇതില്‍ 59 പേര്‍ അപേക്ഷിച്ചു. 40 പേര്‍ ഹാജരായി.
ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റില്‍ ഒരു ഒഴിവാണുള്ളത്. ഇത് ഭിന്നശേഷി സംവരണമാണ്. എട്ട് പേര്‍ അപേക്ഷിച്ചു. ഹാജരായത് ഏഴുപേരാണ്. ഭിന്നശേഷിക്കാരില്‍ ആദ്യ പരിഗണന നല്‍കേണ്ടിയിരുന്നത് അന്ധരായവര്‍ക്കാണ്. അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നില്ല.
ബന്ധുവായ സിപിഎമ്മുകാരനെ നിയമിക്കാന്‍ നീക്കമെന്ന് ആരോപണം; എം.കെ രാഘവനെ എം.പിയെ തടഞ്ഞ് കോണ്‍ഗ്രസുകാര്‍
മാനദണ്ഡം അനുസരിച്ചു രണ്ടാമത്തെ പരിഗണന കേള്‍വിക്കുറവ് ഉള്ളവര്‍ക്ക് നല്‍കണം. ഈ മാനദണ്ഡമാണ് പാലിച്ചത്. രാഷ്ട്രീയം നോക്കി നിയമനം നടത്താന്‍ കഴിയില്ല. ഈ ഓഫിസ് അറ്റാന്‍ഡന്റ് പോസ്റ്റിലാണ് വിവാദമുണ്ടായിട്ടുള്ളത്. ഇദ്ദേഹത്തിന് ജോലി നല്‍കിയില്ലെങ്കില്‍ കോടതിയില്‍ പോയാല്‍ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.