കോഴിക്കോട്: ഞായറാഴ്ച രാവിലെ ജില്ലാ ജയിലിന്റെ ഓടിളക്കി ചാടിരക്ഷപ്പെട്ട പ്രതിയെ കണ്‍ട്രോള്‍ റൂം പോലീസ് പിടികൂടി. പന്നിയങ്കര പോലീസ് രജിസ്റ്റര്‍ചെയ്ത മോഷണക്കേസിലെ പ്രതി പുതിയങ്ങാടി നടുവിലകം വീട്ടില്‍ മുഹമ്മദ് സഫാദിനെയാണ് (24) ചൊവ്വാഴ്ച രാത്രി വെസ്റ്റ്ഹില്‍ അത്താണിക്കലില്‍വെച്ച് പിടികൂടിയത്.
പോലീസ് കണ്‍ട്രോള്‍ റൂമില്‍ രാത്രി 7.45-ഓടെയാണ് അജ്ഞാതന്റെ ടെലിഫോണ്‍ സന്ദേശമെത്തിയത്. ജയില്‍ചാടിയ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അത്താണിക്കല്‍ അങ്ങാടിയില്‍ മാസ്‌ക് ധരിച്ച് ഉണ്ടെന്നതായിരുന്നു സന്ദേശം. ഉടന്‍തന്നെ ആ ഭാഗത്ത് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പോലീസ് അവിടെയെത്തി. പോലീസ് സമീപത്തേക്ക് ചെന്നതോടെ അയാള്‍ ഓടി.
പതിനഞ്ചുമിനിറ്റോളം പോലീസിനെ ഓടിച്ചെങ്കിലും കാര്‍ ഷോറൂമിന് പിന്‍വശത്തുവെച്ച് എട്ടുമണിയോടെ പിടികൂടി. കണ്‍ട്രോള്‍ റൂം സീനിയര്‍ സി.പി.ഒ.മാരായ പി. മുക്തി ദാസ്, കെ.കെ. ധനീഷ്, ഡ്രൈവര്‍ കെ. അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കസബ പോലീസിന് കൈമാറി. ഞായറാഴ്ച 10 മണിക്ക് ജയില്‍വരാന്തയില്‍ എല്ലാവരും ടി.വി.യില്‍ സിനിമ കാണുന്ന തക്കത്തില്‍ രണ്ടാംനിലയിലെ കെട്ടിടത്തിലെ ഓടുനീക്കി പുറത്തേക്കുചാടി രക്ഷപ്പെടുകയായിരുന്നു.