ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തര്‍പ്രദേശിലെ സംഭലില്‍ സന്ദര്‍ശനം നടത്താനിരിക്കെ സുരക്ഷ കര്‍ശനമാക്കി യുപി പൊലീസ്. നഗരത്തിലും സമീപ പ്രദേശങ്ങളിലുമെല്ലാം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് 10.15നു പുറപ്പെട്ട നേതാക്കള്‍ 1 മണിയോടെ സംഭലില്‍ എത്തിച്ചേരുമെന്നാണ് വിവരം. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് എംപിമാരുമുണ്ട്. എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും സംഘത്തിലുണ്ട്.
ഇരുവരെയും തടയാനായി ഒട്ടേറെ സ്ഥലങ്ങളില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഡല്‍ഹിസംഭല്‍ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളെല്ലാം തടയുന്നുമുണ്ട്. പരിശോധനകള്‍ക്ക് ശേഷമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇതേത്തുടര്‍ന്ന് നഗരത്തില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഒട്ടേറെ പൊലീസുകാരെയാണ് ഗാസിപുര്‍ യുപി ഗേറ്റില്‍ വിന്യസിച്ചത്.
നേതാക്കള്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അവരെ തടയണമെന്ന് സംഭലിലെ അധികൃതര്‍ അയല്‍ ജില്ലകളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ബുലന്ദ്ഷഹര്‍, അംറോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ എന്നിവിടങ്ങളിലെ പൊലീസ് മേധാവികള്‍ക്ക് ഇരുവരെയും അതിര്‍ത്തിയില്‍ തടയണമെന്ന് ആവശ്യപ്പെട്ട് സംഭല്‍ ജില്ലാ മജിസ്‌ട്രേറ്റ് കത്തെഴുതി. യാത്രയിലെ രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.