KeralaNEWS

കോവിഡ് വാക്സിന്‍ യുവാക്കളിലെ മരണനിരക്ക് കൂട്ടിയോ? സര്‍ക്കാര്‍ കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് 19 വാക്സിനേഷന്‍ യുവാക്കള്‍ക്കിടയില്‍ മരണനിരക്ക് വര്‍ധിക്കുന്നതിന് കാരണമാകുന്നു എന്ന പ്രചാരണം തെറ്റെന്നു തെളിയിച്ച് സര്‍ക്കാര്‍ കണക്കുകള്‍. 2019 നും 2023 നും ഇടയില്‍ 35-44 പ്രായ പരിധിയിലുള്ള യുവാക്കളുടെ ഇടയില്‍ മരണനിരക്കില്‍ കാര്യമായ മാറ്റമൊന്നും ഇല്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ പ്രായപരിധിയിലെ മരണനിരക്ക് താരതമ്യേന സ്ഥിരത പുലര്‍ത്തുകയാണ്. 2019ല്‍ 3.30 ശതമാനമാണ് മരണനിരക്ക്. ഇത് കോവിഡിന് മുന്‍പുള്ള കാലമാണ്. വാക്സിനേഷന്‍ എടുത്തതിന് ശേഷമുള്ള 2022, 2023 വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 3.13 ശതമാനം, 3.23 ശതമാനം എന്നിങ്ങനെയാണ്. 2020ലും 2021ലും മരണനിരക്ക് 3.29 ശതമാനവും 3.23 ശതമാനവുമാണ്.

Signature-ad

വാക്സിന്‍ പാര്‍ശ്വഫലങ്ങള്‍ കാരണമാണ് യുവാക്കളില്‍ ഹൃദയാഘാതം ഉണ്ടാവുന്നതെന്ന് പഠനങ്ങളിലൊന്നും തെളിയിച്ചിട്ടില്ല. മരണ നിരക്കു സംബന്ധിച്ച സര്‍ക്കാര്‍ കണക്കുകളും ഈ പ്രായപരിധിയിലുള്ളവരുടെ മരണത്തെ വാക്‌സിനേഷനുമായി ബന്ധിപ്പിക്കാനാവില്ലെന്നാണ് വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് അകാലമരണങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും ലഭ്യമായ മരണനിരക്ക് കണക്കുകള്‍ വാക്സിനുകള്‍ സുരക്ഷിതമാണെന്ന ആരോഗ്യ വിദഗ്ധരുടെ അവകാശവാദത്തെ പിന്തുണയ്ക്കുന്നു. കേരളത്തില്‍ 18-44 പ്രായപരിധിയിലുള്ള 1,29,45,396 പേരാണ് കോവിഡ് -19 വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 1,08,60,254 പേര്‍ വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.

അടുത്തിടെ പ്രത്യേകിച്ച് ജോലി സമയത്തോ വ്യായാമ വേളയിലോ വ്യക്തമായ കാരണമില്ലാതെ യുവാക്കള്‍ക്ക് മരണം സംഭവിക്കുന്നത് ഏറെ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. കോവിഡ് വാക്‌സിനാണ് ഇതിനു കാരണം എന്നായിരുന്നു പലരും അവകാശപ്പെട്ടത്. ലഭ്യമായ ഏറ്റവും സുരക്ഷിതമായ വാക്‌സിനുകളില്‍ ഒന്നാണ് കോവിഷീല്‍ഡ് എന്ന് കോവിഡ്, വയോജന വാക്‌സിനേഷനെ കുറിച്ച് സംസ്ഥാനത്തിന് ഉപദേശം നല്‍കുന്ന വിദഗ്ധ സമിതിയുടെ തലവനും ആരോഗ്യ വിദഗ്ധനുമായ ഡോ. ബി ഇക്ബാല്‍ സ്ഥിരീകരിക്കുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: