ആലപ്പുഴ: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച രണ്ട് യുവാക്കള്‍ക്കെതിരെ പോക്സോ കേസ്. രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയതിന് മറ്റ് രണ്ടുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി 12 മണിയോടെ ഹരിപ്പാട് സ്റ്റേഷന് പരിധിയിലാണ് സംഭവം.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ കാണാനായാണ് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ വീട്ടിലെത്തിയത്. അതേസമയം, അവിടെയെത്തിയ പെണ്‍കുട്ടികളുടെ കാമുകന്മാര് ഇവരെ കാണുകയും തമ്മില്‍ തര്‍ക്കമുണ്ടാകുകയുമായിരുന്നു.
ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടെ ഇതിലൊരാളെ വീട്ടുകാര്‍ പിടികൂടി. ഇയാളെ ചോദ്യം ചെയ്ത പൊലീസ് മറ്റ് മൂന്നുപേരെയും കണ്ടെത്തി. വിശദാന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ രണ്ട് വര്‍ഷമായി ലൈംഗിക ചൂഷണത്തിന് വിധേയമായിരുന്നതായി ബോദ്ധ്യപ്പെട്ടു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ സഹപാഠിയായ വിദ്യാര്‍ത്ഥിനിയുമുണ്ടായിരുന്നു. ഇവരിലൊരാളുടെ ആണ്‍സുഹൃത്തും കൂട്ടുകാരനുമാണ് രാത്രി വീട്ടിലെത്തിയത്. പിന്നാലെ പെണ്‍കുട്ടികളുമായി രണ്ട് വര്‍ഷത്തോളം പരിചയമുള്ള 20ഉം 22ഉം വയസുള്ള രണ്ട് യുവാക്കളും വീട്ടിലെത്തി. ആണ്‍കുട്ടികളും യുവാക്കളും പരസ്പരം കണ്ടതോടെയാണ് ബഹളമുണ്ടായതെന്ന് ഹരിപ്പാട് പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്.
വീട്ടില്‍ പെണ്‍കുട്ടിയുടെ അമ്മയും അപ്പൂപ്പനും അമ്മുമ്മയുമാണ് ഉണ്ടായിരുന്നത്. ബഹളം കേട്ട് ഇവര്‍ ഉണര്‍ന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. 22കാരനെയാണ് വീട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തി ആയിട്ടില്ല.