തെല്‍ അവീവ്: മുസ്ലിം പള്ളികളിലെ വാങ്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ നീക്കവുമായി ഇസ്രായേല്‍ ഭരണകൂടം. പള്ളികളിലെ ഉച്ചഭാഷിണികള്‍ പിടിച്ചെടുക്കാന്‍ ഇസ്രായേല്‍ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗിവിര്‍ പൊലീസിനു നിര്‍ദേശം നല്‍കി. പിഴ ചുമത്താനും ഉത്തരവിട്ടതായി ‘ടൈംസ് ഓഫ് ഇസ്രായേല്‍’ റിപ്പോര്‍ട്ട് ചെയ്തു.
ശബ്ദമലിനീകരണം ആരോപിച്ചാണ് കടുത്ത നടപടികളിലേക്കു നീങ്ങുന്നത്. കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള അധിനിവിഷ്ട പ്രദേശങ്ങളിലെ പള്ളികള്‍ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ സുരക്ഷാ മന്ത്രാലയത്തിന്റെ നിയമനിര്‍മാണം. പാതിരാത്രികളില്‍ ഉള്‍പ്പെടെ പള്ളികളില്‍നിന്ന് അമിതമായ ശബ്ദം ഉയരുന്നുവെന്ന് ഇവിടങ്ങളിലെ ജൂതതാമസക്കാര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണിപ്പോള്‍ ഇസ്രായേല്‍ ഭരണകൂടം വാങ്കിനു നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
പള്ളികളിലെ ശബ്ദസംവിധാനങ്ങള്‍ പിടിച്ചെടുക്കാന്‍ പുതിയ നിയമം അധികാരം നല്‍കുന്നുണ്ടെന്ന് ബെന്‍ ഗിവിര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗമാണിത്. ഈ നിയമം കൊണ്ട് ഫലമുണ്ടാകണമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. ശബ്ദം ഉയര്‍ത്തുന്ന പള്ളികള്‍ക്കെതിരെ പിഴത്തുക ഉയര്‍ത്താനുള്ള പുതിയ ബില്‍ അവതരിപ്പിക്കുമെന്നും ബെന്‍ ഗിവിര്‍ അറിയിച്ചു.
അറബ് മുസ്ലിം സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള ബെന്‍ ഗിവിറിന്റെ നീക്കം പ്രകോപനപരമാണെന്നാണ് അറബ് നഗരങ്ങളില മേയറുമാര്‍ പ്രതികരിച്ചത്. നടപടി മേഖലയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ബെന്‍ ഗിവിര്‍ വീണ്ടും ഇസ്ലാമോഫോബിയ ആളിക്കത്തിക്കുകയാണെന്ന് അറബ് എംപി അഹ്‌മദ് തീബി പറഞ്ഞു. ഈ അടിച്ചമര്‍ത്തല്‍ നയം തടയുമെന്നും വിശുദ്ധകേന്ദ്രങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.