Breaking NewsLead NewsNEWSpoliticsWorld

ഇറാനിലെ മാരക ആക്രമണത്തിൽ പിന്നിൽ അമേരിക്കയുടെ പുതിയ ‘പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ’ മിസൈൽ പരീക്ഷണമെന്ന് റിപ്പോർട്ട്

ടെഹ്റാൻ: ഇറാനിലെ ലഹമർദ് പട്ടണത്തിൽ കഴിഞ്ഞ മാസം നടന്ന മാരകമായ ആക്രമണത്തിൽ അമേരിക്ക തങ്ങളുടെ പുതിയ മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ടുകൾ. ലഹമർദിലെ ജനവാസ മേഖലകളിൽ പതിച്ച മിസൈലിന്റെ ദൃശ്യങ്ങൾ വിശകലനം ചെയ്ത പ്രതിരോധ വിദഗ്ധർ ഇത് അമേരിക്കൻ സൈന്യത്തിന്റെ പക്കലുള്ള പുത്തൻ ആയുധമായ ‘പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ’ (PrSM) ആണെന്നാണ് വാദിക്കുന്നത്. ബിബിസി സ്ഥിരീകരിച്ച സിസിടിവി ദൃശ്യങ്ങളിൽ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് നിമിഷങ്ങൾക്കു മുൻപ് മിസൈൽ ആകാശത്ത് അതിവേഗത്തിൽ സഞ്ചരിക്കുന്നത് വ്യക്തമായി കാണാം.

മിസൈലിന്റെ സവിശേഷമായ ആകൃതി, നീളം, അത് സൃഷ്ടിച്ച സ്ഫോടനത്തിന്റെ വ്യാപ്തി എന്നിവ പരിശോധിച്ചാണ് ഇത് പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ ആണെന്ന് നിഗമനത്തിലെത്തിയത്. ലോക്ഹീഡ് മാർട്ടിൻ നിർമ്മിച്ച ഈ ദീർഘദൂര ബാലിസ്റ്റിക് മിസൈലിന് 500 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. 2023-ൽ മാത്രം യുഎസ് സൈന്യത്തിന്റെ ഭാഗമായ ഈ അത്യാധുനിക ആയുധം ആദ്യമായാണ് ഒരു യുദ്ധമുഖത്ത് ഉപയോഗിക്കുന്നത്.

Signature-ad

യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിച്ച എടിഎസിഎംഎസ് മിസൈലുകളുടെ പിൻഗാമിയായാണ് ഇവ അറിയപ്പെടുന്നത്.

സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങളുടെ ചില്ലുകൾ തകരുന്നതും ഭയചകിതരായ ആളുകൾ ഓടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. കെട്ടിടങ്ങളിൽ അവശേഷിച്ച കരിയും ചിന്നിച്ചിതറിയ അവശിഷ്ടങ്ങളും ഒരു പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ വാർഹെഡ് സൃഷ്ടിക്കുന്ന ആഘാതത്തിന് സമാനമാണെന്ന് വിശകലന വിദഗ്ധനായ അമയേൽ കോട്‌ലാർസ്കി ചൂണ്ടിക്കാട്ടി.

ഈ ആക്രമണത്തിൽ ചുരുങ്ങിയത് 21 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ നൽകുന്ന വിവരം. ജനവാസ കേന്ദ്രങ്ങളിലെ കെട്ടിടങ്ങളിലും ഒരു സ്പോർട്സ് ഹാളിലുമാണ് മിസൈലുകൾ പതിച്ചത്. കൊല്ലപ്പെട്ടവരിൽ 12 വയസ്സുള്ള വോളിബോൾ താരം ഇൽഹാം സയേരിയും രണ്ട് വയസ്സുള്ള പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. കുട്ടികൾ വോളിബോൾ കളിക്കാനും വിദ്യാർഥികൾ പരീക്ഷ എഴുതാനും ഉപയോഗിച്ചിരുന്ന സ്പോർട്സ് ഹാളാണ് തകർക്കപ്പെട്ടത്.

സ്പോർട്സ് ഹാളിന് സമീപത്തുള്ള ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോറിന്റെ താവളമായിരിക്കാം മിസൈലിന്റെ യഥാർത്ഥ ലക്ഷ്യമെന്ന് വിദഗ്ധർ സംശയിക്കുന്നു. എന്നാൽ സാറ്റലൈറ്റ് ദൃശ്യങ്ങൾ പ്രകാരം ഈ സൈനിക കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. ആക്രമണത്തെക്കുറിച്ച് കൃത്യമായ മറുപടി നൽകാൻ യുഎസ് സെൻട്രൽ കമാൻഡ് തയ്യാറായില്ലെങ്കിലും തങ്ങൾ ഒരിക്കലും സിവിലിയൻ ലക്ഷ്യങ്ങളെ ആക്രമിക്കാറില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആവർത്തിച്ചു.

മിസൈൽ നിർമ്മാതാക്കളായ ലോക്ഹീഡ് മാർട്ടിൻ ഈ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചെങ്കിലും ഈ മിസൈലിന്റെ ഉൽപ്പാദനം നാലിരട്ടിയായി വർദ്ധിപ്പിക്കാൻ അമേരിക്കൻ ഭരണകൂടവുമായി അവർ കരാറിൽ ഒപ്പിട്ടു കഴിഞ്ഞു. യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോൾ ഇത്തരം പ്രഹരശേഷിയുള്ള ആയുധങ്ങളുടെ ഉപയോഗം മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: