KeralaNEWS

ക്ഷേമപെന്‍ഷന്‍ വാങ്ങുന്നതില്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും! പേരുവിവരങ്ങള്‍ പുറത്തുവിടില്ല, പക്ഷേ കര്‍ശന നടപടി ഉറപ്പ്

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ തട്ടിപ്പുനടത്തിയ ഉദ്യോഗസ്ഥരെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തുമെന്നും അത് കഴിഞ്ഞാലുടന്‍ ഇവര്‍ക്കെതിരെ കര്‍ശന വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്‍ഷന്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമപെന്‍ഷന്‍ പട്ടികയില്‍ കയറിപ്പ?റ്റിയ അനര്‍ഹരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പ്രതിമാസം 1600രൂപയാണ് സാമൂഹ്യസുരക്ഷാപെന്‍ഷന്‍. ഇത് കൈപ്പറ്റുന്നവരില്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാരും പ്‌ളസ് ടു അദ്ധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരും അടക്കം സര്‍വീസിലുള്ള 1458 ജീവനക്കാരാരും ഉണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ധനവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയുടെ ഭാഗമായി പെന്‍ഷന്‍ പട്ടിക കൈകാര്യംചെയ്യുന്ന സേവന സോഫ്ട്വെയറിലെയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്ട്വെയറായ സ്പാര്‍ക്കിലെയും വിവരങ്ങള്‍ താരതമ്യംചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് കണ്ടെത്തിയത്. ആരോഗ്യവകുപ്പിലാണ് കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ 373 പേര്‍. പൊതുവിദ്യാഭ്യാസവകുപ്പില്‍ 224 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നു. പെന്‍ഷന്‍ തട്ടിയെടുക്കുന്ന പത്തില്‍താഴെ ഉദ്യോഗസ്ഥരുടെ സംഘമുള്ള നാല്‍പ്പതോളം ഡിപ്പാര്‍ട്ട്‌മെന്റുകളുണ്ട്. ഇതില്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും.

Signature-ad

ഒരു ലക്ഷത്തിനു മുകളില്‍ ശമ്പളം വാങ്ങുന്നവരാണ് അദ്ധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരും. രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരില്‍ ഒരാള്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ കോളേജിലും രണ്ടാമന്‍ പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ കോളജിലുമാണ് ജോലി ചെയ്യുന്നത്. പെന്‍ഷന്‍ വാങ്ങുന്നവരില്‍ മൂന്ന് ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകരുമുണ്ട്. പരിശോധന വ്യാപകമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിവിധതലങ്ങളിലുള്ള പരിശോധന തുടരാനാണ് ധനവകുപ്പിന്റെ തീരുമാനം. ഇതോടെ കൂടുതല്‍ പേര്‍ കുടുങ്ങിയേക്കുമെന്നാണ് സൂചന.

ക്ഷേമ പെന്‍ഷന്‍ മാനദണ്ഡം

വാര്‍ഷിക കുടുംബവരുമാനം ഒരുലക്ഷം രൂപയില്‍ താഴെയായിരിക്കണം

സര്‍വീസ്,കുടുംബപെന്‍ഷന്‍ വാങ്ങുന്നവരാകരുത്

ആദായനികുതി കൊടുക്കുന്നവരാകരുത്

രണ്ടേക്കറില്‍ കൂടുതല്‍ കൃഷിഭൂമിയുണ്ടാകരുത്

1000 സി.സിയില്‍ കൂടുതല്‍ ശേഷിയുള്ള വാഹനമുണ്ടാകരുത്

പൊതുമേഖലാസ്ഥാപനത്തില്‍ നിന്ന് വിരമിച്ചവരാകരുത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: