CrimeNEWS

ഒരു കോടി രൂപയും 300 പവനും ആരു കൊണ്ടുപോയി? വീട്ടുകാര്‍ കല്യാണത്തിന് പോകുന്ന വിവരം വളപട്ടണത്തെ മോഷ്ടാവ് അറിഞ്ഞു?

കണ്ണൂര്‍: വളപട്ടണം മന്നയില്‍ വ്യാപാരി കെ.പി. അഷ്‌റഫിന്റെ വീട് കുത്തിത്തുറന്ന് ഒരു കോടി രൂപയും മുന്നൂറിലേറെ പവന്‍ സ്വര്‍ണവും മോഷ്ടിച്ച സംഭവത്തില്‍ വീടിനകത്തു കയറി കൃത്യം നടത്തിയത് ഒരാളാണെങ്കിലും പുറമേ നിന്നു സഹായം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ്. മോഷണം നടന്ന 20നും തൊട്ടടുത്ത ദിവസവും രാത്രി മോഷ്ടാവ് വീട്ടില്‍ കയറിയതായി വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നു പൊലീസിനു വിവരം ലഭിച്ചു. എന്നാല്‍ രണ്ടു ദിവസവും വന്നത് ഒരാളാണോ എന്നതു ദൃശ്യങ്ങളില്‍നിന്നു വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു. വീട്ടിലെ സിസിടിവി ക്യാമറകളില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ ഒരാള്‍ മാത്രമാണ് 20നു രാത്രി കോംപൗണ്ടിലേക്കു ചാടുന്നതെന്നു വ്യക്തമാണ്. ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ ആളുടെ മുഖം തിരിച്ചറിയാനായിട്ടില്ല.

എന്നാല്‍, വീടിനെക്കുറിച്ചും വീട്ടുകാര്‍ കല്യാണത്തിനു പോകുന്നതുള്‍പ്പെടെയുള്ള വിവരങ്ങളും മോഷ്ടാവിന് അപ്പപ്പോള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിനുപിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നും പൊലീസ് പറഞ്ഞു. മോഷ്ടാവിനു രക്ഷപ്പെടാന്‍ പുറത്തുനിന്നു സൗകര്യം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ജനല്‍ ഗ്രില്‍സ് ഇളക്കി മാറ്റിയ രീതി പരിശോധിക്കുമ്പോള്‍ പ്രഫഷനല്‍ രീതിയാണെങ്കിലും വീട്ടിനകത്തെ കവര്‍ച്ചാരീതി സാധാരണ മോഷ്ടാവിന്റെ അങ്ങനെയല്ലെന്നും പൊലീസ് പറഞ്ഞു. 19ന് അഷ്‌റഫും കുടുംബവും വീടു പൂട്ടി മധുരയിലേക്കു പോയി 24ന് രാത്രി തിരിച്ചെത്തിയപ്പോഴാണു മോഷണം നടന്നതായി കാണുന്നത്.

Signature-ad

ജനല്‍ ഗ്രില്‍സ് ഇളക്കിമാറ്റി കിടപ്പുമുറിയിലെ അലമാരയില്‍ നിന്ന് ലോക്കറിന്റെ താക്കോല്‍ കൈക്കലാക്കി തുറന്നാണ് പണവും ആഭരണങ്ങളും മോഷ്ടിച്ചത്. 20ന് രാത്രിയാണ് മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. അഷ്‌റഫിന്റെ മകന്‍ അദിനാന്‍ അഷ്‌റഫിന്റെ പരാതിയില്‍ പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയാണ്. ഉത്തര മേഖലാ ഡിഐജി രാജ്പാല്‍ മീണയുടെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ഡിഐജി രാജ്പാല്‍ മീണയുടെ അധ്യക്ഷതയില്‍ അന്വേഷണസംഘം യോഗം ചേര്‍ന്ന് കേസ് അന്വേഷണം സംബന്ധിച്ച് വിലയിരുത്തല്‍ നടത്തി. ഒരു ഡിവൈഎസ്പിയും 3 ഇന്‍സ്‌പെക്ടര്‍മാരും സംഘത്തിലുണ്ട്.

സംസ്ഥാനത്തിനകത്തും പുറത്തമുള്ള നൂറിലേറെ മോഷ്ടാക്കളുടെ മോഷണരീതികളും പഴയ കേസ് ഡയറികളും അന്വേഷണസംഘം പരിശോധിച്ചു. വീട്ടിനകത്തുനിന്നു 16 വിരലടയാളങ്ങളാണ് ലഭിച്ചത്. ഇവ സ്ഥിരം മോഷ്ടാക്കളുടെ വിരലടയാളങ്ങളും കേസ് ഹിസ്റ്ററിയുമായി പൊലീസ് പരിശോധിച്ചു വരികയാണ്. സംസ്ഥാനത്തെയും ഇതര സംസ്ഥാനങ്ങളിലെയും മോഷ്ടാക്കളെയും പരോളില്‍ ഇറങ്ങിയവരെയും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ഇറങ്ങിയവരെയും കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.

അഷ്‌റഫിന്റെ ഉടമസ്ഥതയില്‍ വീടിനു സമീപത്തുള്ള സ്ഥാപനത്തിലെ ജീവനക്കാരെയും ബന്ധുക്കളെയും വീട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഇവരില്‍ നിന്നു സംശയിക്കത്തക്കതായി ഒരു സൂചനയും ലഭിച്ചിട്ടില്ല. സ്ഥാപനത്തിലെ മുന്‍ തൊഴിലാളികളില്‍ പലരും നാട്ടില്‍ പോയാല്‍ തിരിച്ചുവരാത്തതു പതിവാണ്. ഇവര്‍ക്കു പകരം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുതിയ തൊഴിലാളികളെയാണ് നിയമിക്കാറുള്ളത്. എന്നാല്‍ ഏറെക്കാലമായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇവര്‍ അവധി എടുക്കുകയോ സ്ഥാപനം വിട്ടുപോവുകയോ ചെയ്തിട്ടില്ല.

സംസ്ഥാനത്തിനകത്തും തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പൊലീസ് നായ വളപട്ടണം റെയില്‍വേ സ്റ്റേഷനിലാണു വന്നു നിന്നതെങ്കിലും പ്രതി രക്ഷപ്പെട്ടത് ട്രെയിന്‍ മാര്‍ഗമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതുകൊണ്ടുതന്നെ വീട്ടു പരിസരത്തെ ക്യാമറകളില്‍നിന്ന് 20ന് രാത്രി സഞ്ചരിച്ച വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. മൊബൈല്‍ ടവര്‍ ലൊക്കേഷനും സൈബര്‍ സെല്ലിന്റെ സഹായത്തോടെയുമാണ് അന്വേഷണം ഊര്‍ജിതമാക്കുന്നത്.വളപട്ടണം, ചിറക്കല്‍, പാപ്പിനിശ്ശേരി, അഴീക്കോട് ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളിലെയും ദേശീയപാതകളിലെയും കണ്ണൂര്‍ ടൗണിലെയും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. നഗരത്തിലെയും ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെയും അതിര്‍ത്തി പ്രദേശങ്ങളിലെയും ഹോട്ടലുകളിലും താമസ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: