കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ അടുത്തമാസം ഒന്‍പതിന് വിശദമായ വാദം കേള്‍ക്കും. സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. എന്തടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് പറയുന്നതെന്ന് കുടുംബത്തിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു.
എസ്ഐടി എന്നത് പേരിന് മാത്രമെന്ന് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. ഇത് ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്നും എന്തടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് പറയുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും നീതി ലഭിക്കാന്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ഹരജിയില്‍ ആവശ്യപ്പെടുന്നത്. പൊലീസ് അന്വേഷണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്ന ഹരജിയില്‍, നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് ഹരജിയില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് പെട്ടെന്ന് പൂര്‍ത്തിയാക്കി. ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു പക്ഷേ അതുണ്ടായില്ല. കുടുംബം എത്തുന്നതിന് മുന്‍പ് ഇന്‍ക്വസ്റ്റ് നടത്തി. കേസില്‍ മൊഴി രേഖപ്പെടുത്താനടക്കം വൈകി. പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ല. കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും കുടുംബം ഹരജിയില്‍ വ്യക്തമാക്കുന്നു.