കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഇനി ട്വിസ്റ്റില്ലെന്ന് യുവതിയുടെ അച്ഛന്. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മകളെ മര്‍ദ്ദിച്ചുവെന്നും യുവതിയുടെ അച്ഛന് മാധ്യമങ്ങളോട് പറഞ്ഞു.
‘ആംബലുന്‍സിലെ സ്ട്രെച്ചറില്‍ ബെല്‍റ്റിട്ട് അവളെ കിടത്തിയിരിക്കുകയല്ലേ, അങ്ങനെയൊരാളെ മര്‍ദ്ദിക്കുക എന്നത് ജീവിതത്തില്‍ സ്വപ്നത്തില്‍ പോലും കരുതാത്ത കാര്യമല്ലേ. ഏറ്റവും ദു:ഖകരമായ സംഭവമാണത്. അവന് ഒരുപാട് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്നേ മദ്യപിക്കുന്ന ആളല്ലേ. സ്ഥിരം മദ്യപാനിയാണ്. മദ്യപാനിയല്ലെങ്കിലും അവന് ഫ്രോഡ് തന്നെയാണ്. ഒരു സൈക്കോ ടൈപ് തന്നെയാണ്. ഇനി അവനൊന്നിച്ചുജീവിക്കാന്‍ തയ്യാറല്ല എന്ന് മകള്‍ തീര്‍ത്തു പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. ആദ്യത്തെ പരാതി കൊടുത്തപ്പോള്‍ അവള്‍ക്ക് ചില മോഹനവാഗ്ദാനങ്ങളൊക്കെ നല്കി അവര്‍ കസ്റ്റഡിയിലാക്കുകയായിരുന്നു. അങ്ങനെ മകളെക്കൊണ്ട് മൊഴി മാറ്റിപ്പിക്കുകയായിരുന്നു. ഭയങ്കര പീഡനം മകള്‍ ഏറ്റിട്ടുണ്ട്. കൈകൊണ്ട് മര്‍ദിച്ചതിനേക്കാള്‍ വലിയ പീഡനം വാക്കുകള്‍ കൊണ്ട് ഉണ്ടായിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാന്‍ ഇനി ആഗ്രഹിക്കുന്നില്ലെന്ന് അവള് തന്നെ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇനി ഈ കേസില്‍ ഒരു ട്വിസ്റ്റ് ഉണ്ടാവില്ല. അവള് എല്ലാം മനസ്സിലാക്കിയിട്ടുണ്ട്- പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞു.
ഒപ്പം കുളിക്കാന്‍ വിസമ്മതിച്ചുവെന്നാരോപിച്ച് നവവധുവിനെ പീഡിപ്പിച്ച ഭര്‍ത്താവ് രാഹുലിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആദ്യം നല്കിയ പരാതി പെണ്‍കുട്ടി തന്നെ മുന്‍കൈയെടുത്ത് പിന്‍വലിപ്പിക്കുകയായിരുന്നു. രാഹുലിനൊപ്പം പോയ പെണ്‍കുട്ടിക്ക് വീണ്ടും ഗുരുതരമായി മര്‍ദ്ദനമേറ്റത് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ്. രാഹുല്‍ തന്നെയാണ് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടിയെ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചശേഷം മുങ്ങിയ രാഹുലിനെ പോലീസ് പിന്നീട് പിടികൂടി.
മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മര്‍ദ്ദിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം. ഇതിന് മുമ്പ് പെണ്‍കുട്ടിയുടെ അമ്മ വിളിച്ചതിന്റെ പേരിലും മര്‍ദ്ദിച്ചെന്നും പരാതിയിലുണ്ട്.
ഒന്നരമാസം മുമ്പാണ് ആദ്യ കേസ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇരുവരും കോഴിക്കോട്ട് പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടില്‍ താമസം തുടങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന യുവതി രക്ഷിതാക്കള്‍ക്കൊപ്പമാണ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ എത്തിയത്.
തിങ്കളാഴ്ച പരാതി ഇല്ലെന്ന് എഴുതി നല്കി എങ്കിലും ചൊവ്വാഴ്ച പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ രാഹുലിന്റെ വീട്ടില്‍ നിന്നും കണ്ടെടുക്കാനായി പോലീസ് വീട്ടില്‍ പരിശോധന നടത്തി.