ആലപ്പുഴ: പോക്‌സോ കേസില്‍ പ്രതിയെ സാഹസികമായി കീഴടക്കി പോലീസ്. ഭരണിക്കാവ് പള്ളിക്കല്‍ നടുവിലെ മുറിയില്‍ കൊടുവരയ്യത്ത് തെക്കതില്‍ ലക്ഷംവീട് കോളനിയില്‍ പി. പ്രവീണിനെ (31)യാണ് നൂറനാട് പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ കായംകുളം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് റെയില്‍വേ ഗര്‍ഡറുകള്‍ക്കു മുകളില്‍ക്കിടന്ന് ഉറങ്ങുകയായിരുന്ന ഇയാളെ ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.
പിടികൂടുമ്പോള്‍ കൈയില്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള കത്തിയുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംഘം സാഹസികമായി കീഴടക്കുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന സ്‌കൂട്ടര്‍ ഒക്ടോബര്‍ 30-ന് ചാലക്കുടിയിലെ വീടിനുമുന്നില്‍നിന്നു മോഷ്ടിച്ചതാണെന്നു പ്രതി വെളിപ്പെടുത്തി.
നവംബര്‍ എട്ടിന് വൈകിട്ട് നൂറനാട് ഇടക്കുന്നത്താണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മഴയത്ത് സ്‌കൂള്‍ വിട്ടുവന്ന വിദ്യാര്‍ഥിനിയെ സ്‌കൂട്ടറില്‍ ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ചുവന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ബലമായി പിടിച്ച് ആളൊഴിഞ്ഞ വീട്ടിലേക്കു കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇതുവഴി സ്‌കൂട്ടറിലെത്തിയ ഹരിതകര്‍മസേനാംഗങ്ങളായ മഞ്ജുവും ഷാലിയും ബഹളംവെച്ചതുകൊണ്ടാണ് കുട്ടി രക്ഷപ്പെട്ടത്. സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രവീണിനുപിന്നാലെ ഇവര്‍ പിന്തുടര്‍ന്നെങ്കിലും രക്ഷപ്പെട്ടു.
സ്‌കൂട്ടറിന്റെ ഇനവും രജിസ്‌ട്രേഷന്‍ നമ്പരിലെ അവസാനത്തെ രണ്ടക്കവും നിറവും ഹരിതകര്‍മസേനാംഗങ്ങള്‍ പോലീസിനു നല്‍കി. പോലീസ് സംഘം സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ച് അന്വേഷണം തുടങ്ങി. ഇതിനിടെ ഒരുദിവസം പെണ്‍കുട്ടിയും പിതാവും സ്‌കൂട്ടറില്‍ വരുമ്പോള്‍ വഴിയില്‍വെച്ച് പ്രതി സ്‌കൂട്ടറില്‍പ്പോകുന്നതു കണ്ടു. ഇയാളെ പിന്തുടര്‍ന്ന പെണ്‍കുട്ടിയുടെ പിതാവിന് വാഹനത്തില്‍നിന്നു വീണു പരിക്കേറ്റു.
ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലും കൊല്ലം ജില്ലയുടെ വടക്കന്‍മേഖലയിലും പോലീസ് പരിശോധന നടത്തി. പ്രതിയെന്നു സംശയിക്കുന്നയാള്‍ ഉപയോഗിച്ചുവരുന്ന വാഹനത്തിന്റെ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചു. വാഹനം വ്യാജ നമ്പര്‍പ്ലേറ്റ് പതിച്ചാണ് ഉപയോഗിച്ചുകൊണ്ടിരുന്നതെന്നും വ്യക്തമായി. ഒരു പെട്രോള്‍ പമ്പില്‍നിന്നും കടയില്‍ നിന്നും പ്രതിയുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചു.
കായംകുളം, കുറത്തികാട്, നൂറനാട്, അമ്പലപ്പുഴ, മാവേലിക്കര എന്നീ സ്ഥലങ്ങളില്‍ കഞ്ചാവുവിപണനം, മോഷണം, കവര്‍ച്ച, അബ്കാരി ഇടപാടുകള്‍ തുടങ്ങി പതിനഞ്ചോളം കേസുകള്‍ ഇയാള്‍ക്കെതിരേ പോലീസും എക്‌സൈസും രജിസ്റ്റര്‍ചെയ്തിട്ടുള്ളതായി കണ്ടെത്തി. 2024 ജൂലായില്‍ അമ്പലപ്പുഴ സ്റ്റേഷനിലെ മോഷണക്കേസില്‍ ജയില്‍ശിക്ഷയനുഭവിച്ചശേഷം ജില്ലാ ജയിലില്‍നിന്നു ജാമ്യത്തിലിറങ്ങിയതാണെന്നും കണ്ടെത്തി. മാവേലിക്കര കോടതി പ്രതിയെ റിമാന്‍ഡുചെയ്തു.
പ്രതിയെ കുടുക്കാന്‍ സഹായിച്ച ഹരിത കര്‍മസേനാംഗങ്ങളായ മഞ്ജുവിനെയും ഷാലിയെയും നൂറനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ സുരേഷ്, വൈസ് പ്രസിഡന്റ് ജി. അജികുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാ അപ്പുക്കുട്ടന്‍, പഞ്ചായത്തംഗം ശിവപ്രസാദ് എന്നിവര്‍ അഭിനന്ദിച്ചു. നൂറനാട് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാര്‍, എസ്.ഐ: എസ്. നിതീഷ് എന്നിവരും ഇവരെ അഭിനന്ദിച്ചു.