കറാച്ചി: ഉപജീവനമാര്‍ഗം ഭിക്ഷാടനമാണെങ്കിലും കോടിക്കണക്കിന് ആസ്തികളുള്ള ഭിക്ഷക്കാരെക്കുറിച്ചുള്ള അതിശയിപ്പിക്കുന്ന പല കഥകളും നാം കേട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈ സ്വദേശിയായ ഭരത് ജെയിന്റെ ആസ്തി 7.5 കോടിയാണ്. ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഭരത് ജെയിന്‍ ആഗോളതലത്തില്‍ ഏറ്റവും സമ്പന്നനായ ഭിക്ഷാടകനാണ്..ഇത്തരത്തില്‍ നിരവധി കഥകള്‍… ഇപ്പോഴിതാ പാകിസ്താനില്‍ നിന്നുള്ള കോടീശ്വരനായ ഭിക്ഷക്കാരനെക്കുറിച്ചുള്ള വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
പാകിസ്താനിലെ ഗുജ്‌റന്‍വാലയില്‍ ഭിക്ഷാടനം നടത്തുന്ന ഈ യാചക കുടുംബം ഒരുക്കിയ വിരുന്നിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കേട്ടാല്‍ ആരുടെയും കണ്ണ് തള്ളിപ്പോകും. കുടുംബത്തിലെ മുത്തശ്ശിയുടെ 40-ാം ചരമദിനത്തിന് 20,000 പേര്‍ക്കാണ് ഇവര്‍ സദ്യയൊരുക്കിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 5 കോടി രൂപയാണ് ഇതിനായി ഭിക്ഷക്കാരന്‍ ചെലവാക്കിയത്. വിരുന്നില്‍ പങ്കെടുക്കാന്‍ അതിഥികളെ ക്ഷണിക്കുക മാത്രമല്ല, ക്ഷണിക്കപ്പെട്ടവരെ വേദിയിലെത്തിക്കാന്‍ 2,000 വാഹനങ്ങള്‍ ക്രമീകരിക്കുകയും ചെയ്തിരുന്നു.
വിഭവസമൃദ്ധമായ വിരുന്നിലെ മെനു തന്നെ ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. പരമ്പരാഗത വിഭവങ്ങളായ സിരി പായെ, മുറബ്ബ തുടങ്ങി വ്യത്യസ്തമായ മാംസവിഭവങ്ങളാണ് ഉച്ചഭക്ഷണത്തിനായി വിളമ്പിയത്. അത്താഴത്തിന് ടെന്‍ഡര്‍ മട്ടണ്‍, നാന്‍ മതര്‍ ഗഞ്ച് (മധുരം ഉള്ള ചോറ്), നിരവധി പലഹാരങ്ങള്‍ എന്നിവ ഒരുക്കിയിരുന്നു. പാര്‍ട്ടിക്കായി മാത്രം ഏകദേശം 250 ആടുകളെ കൊന്നുവെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തെങ്കിലും കിട്ടിയാല്‍ തന്നെ വലിയ കാര്യം എന്ന മട്ടില്‍ വിരുന്നിനെത്തിയവരെല്ലാം അതീവ സന്തോഷത്തോടെയാണ് മടങ്ങിയത്.
ഗുജ്‌റന്‍വാലയിലെ രഹ്‌വാലി റെയില്‍വെ സ്റ്റേഷന് സമീപമാണ് വിരുന്ന് നടന്നത്. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഇത്തരമൊരു സല്‍ക്കാരം നടത്തിയത് കോടീശ്വരന്‍മാരെപ്പോലും അതിശയിപ്പിച്ചിട്ടുണ്ട്. വിരുന്നിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഭിക്ഷയെടുത്ത് ജീവിക്കുന്ന ഒരാള്‍ക്ക് ഇത്രയധികം പണം എവിടെ നിന്ന് ലഭിച്ചുവെന്നായിരുന്നു ഭൂരിഭാഗം പേരുടെയും സംശയം.