NEWSPravasi

ഇന്ത്യയിലേക്ക് പറക്കാന്‍ ലേശം പാടുപെടും; സക്രീനിങ് നടപടികള്‍ കര്‍ശനമാക്കി കാനഡ

ഒട്ടോവ: നയതന്ത്ര ബന്ധം കൂടുതല്‍ വഷളായതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കായി കര്‍ശന സുരക്ഷാ പരിശോധനയുമായി കാനഡ. ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാര്‍ കര്‍ശന സുരക്ഷാ സ്‌ക്രീനിങ് നടപടികള്‍ക്ക് വിധേയരാകേണ്ടി വരും. പ്രോട്ടോക്കോളുകളുടെ ഭാഗമായി അതീവ ജാഗ്രത പാലിക്കണമെന്നാണ് സംഭവത്തില്‍ കനേഡിയന്‍ ഗതാഗതമന്ത്രി അനിത ആനന്ദ് പ്രതികരിച്ചത്.

വാരാന്ത്യത്തോടെ പുതിയ സുരക്ഷാനയങ്ങളെക്കുറിച്ച് എയര്‍ കാനഡ തങ്ങളുടെ യാത്രക്കാരെ അറിയിക്കും. ഇതിനായി കൂടുതല്‍ സജീകരണങ്ങള്‍ ഒരുക്കിയെന്നും എയര്‍ കാനഡ വൃത്തങ്ങള്‍ അറിയിച്ചു.

Signature-ad

ടൊറന്റോയില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ യാത്രക്കാര്‍ തങ്ങളുടെ സെക്യൂരിറ്റി പരിശോധനയില്‍ മാറ്റങ്ങള്‍ വന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്ര നടത്താനുദ്ദേശിക്കുന്നവര്‍ പ്രീ ബോര്‍ഡിങ്ങ് പരിശോധന മാനിച്ച് പതിവിലും നേരത്തെ എത്തണമെന്ന് ടൊറന്റോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രസ്താവനയിറക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര യാത്രകള്‍ക്കായി നാല് മണിക്കൂര്‍ മുന്നെയെങ്കിലും വിമാനത്താവളത്തിലെത്തണമെന്ന് എയര്‍ കാനഡയും യാത്രക്കാരെ അറിയിച്ചുതുടങ്ങി.

കഴിഞ്ഞ മാസം ഇന്ത്യയില്‍ വിമാനങ്ങള്‍ക്ക് നേരെ ഉയര്‍ന്ന ബോബ് ഭീഷണി പരമ്പരയും സുരക്ഷാ പരിശോധനയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഒക്ടോബറില്‍ ന്യൂഡല്‍ഹിയില്‍ നിന്നും ചിക്കാഗോയിലേക്കുള്ള വിമാനം ബോബ് ഭീഷണിയെ തുടര്‍ന്ന് കാനഡയിലെ ഇഖാലുയിറ്റിലേക്ക് തിരിച്ചുവിട്ടിരുന്നു. വിമാനത്തില്‍ നടത്തിയ തിരച്ചിലില്‍ എന്നാല്‍ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായിരുന്നില്ല.

ഇതിന് പിന്നാലെ ഖലിസ്ഥാന്‍ വിഘടനവാദി നേതാവായ ഗുര്‍പത്വന്ത് സിങ് പന്നൂന്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ 19 വരെ പറക്കരുതെന്ന് ഭീഷണിയും മുഴക്കിയിരുന്നു. സിഖ് കൂട്ടക്കൊലയുടെ നാല്‍പതാം വാര്‍ഷികത്തെ അനുബന്ധിച്ചാണ് പന്നൂന്‍ ഭീഷണി മുഴക്കിയത്.

സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ബന്ധമുണ്ടെന്നാരോപിച്ച് സെപ്തംബറില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി ഇന്ത്യയിലുള്ള കനേഡിയന്‍ ഉദ്യോഗസ്ഥരെയും പുറത്താക്കുകയുണ്ടായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് പരസ്പരം കനത്ത നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യയും കാനഡയും നിര്‍ബന്ധിതരായത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: